ഭാരതപ്പുഴ കടക്കാൻ റെയിൽവേയുടെ പുതിയപാലത്തിന്റെ പണി പുരോഗതിയിൽ
text_fieldsഭാരതപുഴയുടെ മുകളിലൂടെയുള്ള റെയിൽവേയുടെ നിലവിലെ പാലം
ചെറുതുരുത്തി: തൃശൂർ-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴക്ക് കുറുകെയുള്ള ചെറുതുരുത്തിയിലെ റെയിൽവേയുടെ മൂന്നാം പാലത്തിന്റെ പണികൾ പുരോഗമിക്കുന്നു. കനത്തമഴയിൽ ഭാരതപ്പുഴയിൽ സാമഗ്രികൾ വെള്ളത്തിൽ അകപ്പെട്ടിരുന്നു. ഇപ്പോൾ വെള്ളം കുറഞ്ഞതിനെ തുടർന്നാണ് പണികൾ പുരോഗമിക്കുന്നത്. പാലത്തിന്റെ കാലുകളുടെ പണിക്കായി ബിഹാറിൽനിന്നാണ് യന്ത്രങ്ങൾ എത്തിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
പൈങ്കുളം റെയിൽവേ ഗേറ്റിന് സമീപത്തെ ഭാരതപ്പുഴ വഴിയാണ് പാലം വരുന്നത്. ഇതോടെ പഴയ കൊച്ചിൻ പാലമടക്കം അഞ്ച് പാലങ്ങൾ ഭാരതപ്പുഴയിൽ തൊട്ടുതൊട്ടാവും. പുതിയതായി നിർമിക്കുന്ന പാലത്തിൽ യാത്രക്കായി രണ്ട് പാളങ്ങളുള്ള രീതിയിലാണ് നിർമാണം. അടുത്തവർഷം പാലം യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഗസ്ഥനായ സ്റ്റീവ് ജോർജ് പറഞ്ഞു.