തനത് കലാരൂപങ്ങളെ നെഞ്ചിലേറ്റി കുഞ്ഞുസഹോദരങ്ങൾ
text_fieldsവി.എസ്. ആര്യൻ ചെണ്ടയിലും വി.എസ്. സൂര്യൻ തിറയിലും അനന്തകൃഷ്ണൻ പൂതൻ വേഷത്തിലും
ചെറുതുരുത്തി: ചെറുപ്രായത്തിൽ തന്നെ തനത് കലാരൂപങ്ങളെ നെഞ്ചിലേറ്റിയ മൂന്ന് കുഞ്ഞുസഹോദരങ്ങൾ കോഴിമാംപറമ്പ് പൂരത്തിന്റെ ശ്രദ്ധാകേന്ദ്രമായി . അഞ്ചും ഏഴും പത്തും വയസ് മാത്രം പ്രായമുള്ള ആര്യനും സൂര്യനും അനന്തകൃഷ്ണനുമാണ് ചെണ്ടമേളത്തിനൊപ്പം പൂതനും തിറയുമായി പൂരപ്രേമികളെ ആകർഷിച്ചത്. ഇവരുടെ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലായി. ചെറുതുരുത്തി കോഴിമാംപറമ്പ് പൂരത്തിന്റെ ഭാഗമായി പുതുശ്ശേരി ദേശത്തിന്റെ വരവിലാണ് ഈ കുട്ടിത്താരങ്ങൾ വിസ്മയം തീർത്തത്. പുതുശ്ശേരി മനപ്പടിയിൽ താമസിക്കുന്ന വടക്കേ പുരക്കൽ സൂരജ് - ബബിത ദമ്പതികളുടെ മക്കളായ അഞ്ച് വയസ്സുകാരൻ വി.എസ്. ആര്യൻ ചെണ്ടയുമായും, ഏഴ് വയസ്സുകാരൻ വി.എസ്. സൂര്യൻ തിറയായുമാണ് എത്തിയത്. ഇവർക്കൊപ്പം സൂരജിന്റെ സഹോദരൻ സജീവ് കുമാർ - രാധിക ദമ്പതികളുടെ മകനായ പത്തു വയസ്സുകാരൻ വി.എസ്. അനന്തകൃഷ്ണൻ പൂതൻ വേഷത്തിലും അണിനിരന്നു.
കുഞ്ഞിക്കൈകൾ കൊണ്ട് ആര്യൻ ചെണ്ടയിൽ താളമിട്ടപ്പോൾ, ജ്യേഷ്ഠന്മാർ താളത്തിനൊത്ത് ചുവടുവെച്ചത് കാണികൾക്ക് കൗതുകകരമായ കാഴ്ചയായി. പൂതനും തിറയും കെട്ടുന്ന പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ഇവർക്ക് ചെറുപ്പം മുതലേ ഈ കലയോട് വലിയ താൽപര്യമായിരുന്നു. ആര്യൻ ചെറുതുരുത്തി ഗവ. എൽ.പി സ്കൂളിൽ എൽ.കെ.ജി വിദ്യാർഥിയാണ്. സൂര്യനും അനന്തകൃഷ്ണനും പുതുശ്ശേരി സ്കൂളിലെ രണ്ടും അഞ്ചും ക്ലാസുകളിൽ പഠിക്കുന്നു.


