കോടികളുടെ ഷെയർ മാർക്കറ്റ് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
text_fieldsറെജിലാൽ
ചെറുതുരുത്തി: കോടികളുടെ ഷെയർ മാർക്കറ്റ് തട്ടിപ്പ് നടത്തിയ പൈങ്കുളം സ്വദേശിയെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പാഞ്ഞാൾ പഞ്ചായത്തിലെ പൈങ്കുളം റോഡ് ആലുംകുന്നിന് സമീപം താമസിക്കുന്ന മണിക്കത്തൊടി വീട്ടിൽ റെജിലാലിനെയാണ് (34) സി.ഐ വിനു, എസ്.ഐ.എ ആർ. നിഖിൽ എന്നിവരടങ്ങുന്ന പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഷെയർ മാർക്കറ്റിലെ രജിസ്ട്രേഡ് ബ്രോക്കറാണെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വൻതുക നഷ്ടപ്പെട്ട പ്രവാസിയായ വാണിയംകുളം സ്വദേശി രാജേഷിന്റെ ഭാര്യ രേഷ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. രാജേഷിന്റെ അക്കൗണ്ടിൽനിന്ന് മാത്രം 37,30,500 രൂപയാണ് റെജി ലാൽ കൈക്കലാക്കിയത്. ഫെഡറൽ ബാങ്കിലെ എൻ.ആർ.ഐ അക്കൗണ്ട് ഉൾപ്പെടെയുള്ളവ വഴിയാണ് പണം കൈമാറിയത്.
രാജേഷിനുപുറമെ, ദേശമംഗലം സ്വദേശി കിരണിൽനിന്ന് ഏട്ട് ലക്ഷം, കൊളപ്പുള്ളി സ്വദേശിനി നിമിഷയിൽനിന്ന് ഏട്ട് ലക്ഷം, പ്രവാസിയായ സതീഷിൽനിന്ന് 15 ലക്ഷം, ദേശമംഗലം സ്വദേശികളായ അക്ഷയിൽനിന്ന് 5,71,000 രൂപ, സുമേഷിൽനിന്ന് 14,50,000 രൂപ, പൈങ്കുളം സ്വദേശി സന്ദീപിൽനിന്ന് അഞ്ച് ലക്ഷം, പാഞ്ഞാൾ സ്വദേശി ശ്യാംകുമാറിൽനിന്ന് അഞ്ച് ലക്ഷം രൂപ എന്നിങ്ങനെ ഇയാൾ തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. ഇവരുടെ പരാതിയനുസരിച്ച് മാത്രം പലരിൽ നിന്നായി ഏകദേശം ഒരു കോടിയോളം രൂപയാണ് പ്രതി കൈവശപ്പെടുത്തിയത്.
വൻ തുക നിക്ഷേപിച്ചിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതമോ, നിക്ഷേപിച്ച പണമോ തിരികെ ലഭിക്കാതെ വന്നതോടെയാണ് നിക്ഷേപകർ വഞ്ചിക്കപ്പെട്ട വിവരം തിരിച്ചറിയുന്നത്. പരാതിക്കാർക്ക് പുറമെ മറ്റനേകം പേരിൽനിന്നും ഇയാൾ കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.