അയ്യന്തോളിലെ കോർപറേഷൻ കെട്ടിടം പൊളിച്ചടുക്കി
text_fieldsഅയ്യന്തോളിലെ കോർപറേഷൻ കെട്ടിടം പൊളിച്ചുനീക്കിയപ്പോൾ
തൃശൂർ: അയ്യന്തോൾ സെന്ററിൽ തല ഉയർത്തി നിന്നിരുന്ന കോർപറേഷൻ കെട്ടിടം പൊളിച്ചടുക്കി. 40 വർഷത്തിലധികം അയ്യന്തോളിന്റെ അഭിമാനമായി നിലന്നിരുന്ന കോർപറേഷൻ കെട്ടിടം സുരക്ഷാപ്രശ്നത്താലാണ് പൊളിച്ചു നീക്കുന്നത്. അയ്യന്തോൾ കർഷക നഗറിന്റെ ലാൻഡ് മാർക്ക് ആയിരുന്നു ഈ കെട്ടിടം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കുടുംബ കോടതി എന്നിവയായിരുന്നു മൂന്നു നില കെട്ടിടത്തിലെ പ്രധാന സ്ഥാപനങ്ങൾ, കൂടാതെ ശ്രീശങ്കര, വർണം, പൗർണമി, സൺ ബ്രയ്റ്റ്, ജി.ഡി പ്രിന്റ്റേഴ്സ്, ജോൺസ് സ്റ്റുഡിയോ, റേഷൻ ഷോപ്പ്, ഹോട്ടൽ തുടങ്ങി നിരവധി സ്ഥാപനങ്ങളും വക്കീൽ ഓഫിസുകളും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു.
അയ്യന്തോൾ പഞ്ചായത്ത് ആയിരുന്ന കാലത്ത് പണിത കെട്ടിടം പിന്നീട് കോർപറേഷൻ ആയപ്പോഴാണ് കോർപറേഷന്റെ കെട്ടിടമായി തീർന്നത്. യഥാസമയം അറ്റകുറ്റപണി നടത്താതിരുന്നതിനാലാണ് കെട്ടിടത്തിന് ബലക്ഷയം ഉണ്ടാകുകയും പൂർണമായി പൊളിച്ചു നീക്കേണ്ട സാഹചര്യത്തിൽ എത്തുകയും ചെയ്തത്. ഇതിന്റെ തെക്ക് വശത്താണ് അയ്യന്തോളിലെ രാഷ്ട്രീയ പൊതുയോഗങ്ങൾ ചേർന്നിരുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറും കുടുംബ കോടതിയും വർഷങ്ങൾക്ക് മുമ്പേ ഒഴിഞ്ഞുപോയിരുന്നു. മറ്റു സ്ഥാപനങ്ങൾക്ക് കോർപറേഷന്റെ വേറൊരു കെട്ടിടത്തിൽ താൽക്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതേ സ്ഥലത്ത് കോർപറേഷൻ മറ്റൊരു ബഹുനില കെട്ടിടം പണിയാനാണ് ഉദ്ദേശിക്കുന്നത്. പുതിയ കെട്ടിടം പണിയുമ്പോൾ കെട്ടിടത്തിന് പുറകിലുള്ള ഗ്രൗണ്ടിന്റെ സ്ഥലം ഒരു കാരണവശാലും നഷ്ടപ്പെടരുതെന്ന് അയ്യന്തോൾ ജനകീയ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.


