ഉപ്പുവെള്ളം കയറുന്നത് തടയാൻ ചാലക്കുടിപ്പുഴയിൽ താൽക്കാലിക തടയണക്ക് ബദൽ സംവിധാനം കാണണമെന്ന് ആവശ്യം
text_fieldsകണക്കൻ കടവ് കോഴിതുരുത്തിൽ താൽക്കാലികമായി നിർമിച്ച തടയണ
മാള: ചാലക്കുടി പുഴയിലേക്ക് ഉപ്പുജലം കയറുന്നത് തടയാൻ തടയണ നിർമാണത്തിന് ലക്ഷങ്ങളുടെ ചെലവ്. വർഷം തോറും ഇവിടെ തടയണ നിർമിക്കുന്നത് പതിവ് കാഴ്ചയാണ്. പുഴയിൽ കോഴിതുരുത്ത് പ്രദേശത്തിനു സമീപമാണ് തടയണ കെട്ടിവരുന്നത്. ഈ താൽക്കാലിക തടയണ മഴക്കാലത്ത് വെളളം ഉയരുന്നതോടെ തകർന്നു പോകും.
പരിഹാരമായി യന്ത്രസഹായത്താൽ വീണ്ടും തടയണ നിർമാണം നടത്തും. കണക്കൻകടവ് സ്ലൂയിസ് കം ബ്രിഡ്ജ് തടയണക്ക് സമീപമായുണ്ട്. ഷട്ടർ കാലപഴക്കത്താൽ ദ്രവിച്ച സ്ഥിതിയിലാണ്. ഉപ്പുജലഭീഷണി വ്യാപകമായുണ്ട്. ഫലപ്രദമായി നേരിടാൻ തടയണ വേണ്ടതുമുണ്ട്. ഷട്ടർ തകരാർ ശാശ്വതമായി പരിഹരിക്കുന്നതു വഴി തടയണ നിർമാണം ഒഴിവാക്കാനാവുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നേരത്തേ ഇവിടെ ഷട്ടർ തുരുമ്പ് കയറിയതായി പരാതി ഉയർന്നിരുന്നു.
മേഖലയിലെ കർഷകർക്ക് ഇത് ഭീഷണിയാണ്. നേരത്തേ കുഴൂർ പഞ്ചായത്തിലെ വിവിധ ജലസേചന കേന്ദ്രങ്ങളിലും ഉപ്പുജലം എത്തിയതായി കർഷകർ പറയുന്നു. ഇതേ തുടർന്നാണ് താൽക്കാലിക തടയണ നിർമാണത്തിന് നടപടിയുണ്ടായത്. ട്രഡ്ജർ ഉപയോഗിച്ചാണ് താൽക്കാലിക തടയണ നിർമാണം തുടങ്ങിയത്. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച ഷട്ടറിന്റെ ചോർച്ച നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ മണൽ നിറച്ച പ്ലാസ്റ്റിക് ചാക്കുകൾ നിരത്തിയാണ് പുഴയിലേക്ക് ഉപ്പ് കയറുന്നത് തടഞ്ഞിരുന്നത്. ചാലക്കുടി പുഴയിലേക്ക് ഉപ്പ് കയറുന്നത് തടയാൻ പുതിയ ഷട്ടർ നിർമിക്കാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യമുണ്ട്. എറണാകുളം ജില്ലയിലെ കണക്കന്‍കടവില്‍ പ്രവര്‍ത്തിക്കുന്ന ഈ തടയണയുടെ ഗുണഭോക്താക്കള്‍ തൃശൂര്‍ ജില്ലയിലാണ്. വി.ആര്. സുനില്‍കുമാര്‍ എം.എല്‍.എയുടെ ഇടപെടൽ വഴിയാണ് തടയണ നിർമിക്കാന്‍ നടപടിയുണ്ടായത്. ചാലക്കുടി പുഴയാറും പെരിയാറും സംഗമിക്കുന്ന മാഞ്ഞാലി പുഴയിലാണ് തടയണ നിർമാണം.
വെള്ളത്തില്‍ ഉപ്പു കലര്‍ന്നാൽ കിലോമീറ്ററുകൾക്കകലെ പാറക്കടവ്, മൂഴിക്കുളം വരെയുള്ള പ്രദേശത്തേക്ക് വ്യാപിക്കും. അന്നമനട പഞ്ചായത്തിലെ കല്ലൂര്‍, പൂവ്വത്തുശ്ശേരി, പാലിശ്ശേരി ജലസേചന പദ്ധതികളും മറ്റു നാല് ജലസേചന പദ്ധതികളും നിലവിലുണ്ട്. കുഴൂര്‍ പഞ്ചായത്തിലെ കുണ്ടൂര്‍ ഭാഗത്തെ പുഴയില്‍ നിന്നുള്ള നെന്മണിച്ചിറ പദ്ധതിയില്‍നിന്നാണ് വെള്ളം എത്തിക്കുന്നത്. പുഴയിലേക്ക് ഉപ്പുകയറിയാല് വെള്ളം പമ്പ് ചെയ്യാനാകാത്ത അവസ്ഥ വരുമെന്നും കർഷകർ പറഞ്ഞു. ഇതാണ് കോഴിത്തുരുത്തിൽ തടയണ നിർമാണം നടത്താൻ കാരണമായത്. അതേ സമയം തടയണ നിർമാണത്തിന് ബദൽ സംവിധാനം കാണണമെന്നാവശ്യം ശക്തമായുണ്ട്. തടയണക്ക് സമീപം സായാഹ്നങ്ങളിൽ നൂറുകണക്കിനു പേർ സന്ദർശനത്തിനെത്തുന്നുണ്ട്. പുഴയിൽ ആഴമേറിയ ഭാഗമാണിത്. ഇവിടെ സുരക്ഷക്ക് യാതൊരു സംവിധാനവും സ്ഥാപിച്ചിട്ടില്ല.