ഇഴ ചേർക്കാനാവാതെ കുത്താമ്പുള്ളിയിലെ നെയ്ത്തുജീവിതം
text_fieldsകുത്താമ്പുള്ളി കസവ് ഗ്രാമത്തിലെ ഗുണശേഖരനും ഭാര്യ തങ്കമ്മാളും ജോലിക്കിടയിൽ
തിരുവില്വാമല: കസവ് ഗ്രാമമായ കുത്താമ്പുള്ളിയിലെ പരമ്പരാഗത നെയ്തു തൊഴിലാളികൾ ഇന്ന് ജീവിതത്തിന്റെ ഊടും പാവും നെയ്തെടുക്കാൻ പെടാപ്പാടുപെടുകയാണ്. നെയ്ത്തു തന്നെ നാമമാത്രമായി. പവർലൂമിന്റെ കടന്നു കയറ്റം കൈത്തറിയെ സാരമായി ബാധിച്ചതാണ് പ്രധാന കാരണം. യന്ത്രസഹായത്തോടെ നെയ്തെടുത്ത കസവ് തുണിത്തരങ്ങൾക്ക് കൈത്തറിയേക്കാളും പലമടങ്ങ് വില കുറവാണെന്നതാണ് വിൽപനയിൽ മുന്നിലെത്താൻ കാരണം. കസവ് വ്യാപാരത്തിലേക്ക് തിരിഞ്ഞവരുടെ ജീവിതം മെച്ചപ്പെട്ട നിലയിലേക്ക് മാറിയപ്പോൾ തൊണ്ണൂറു ശതമാനം പരമ്പരാഗത കൈത്തറി തൊഴിലാളികൾക്കും ആയുസ് മുഴുവൻ തറികളിൽ ഹോമിച്ചിട്ടും തിളക്കമുള്ളൊരു വസ്ത്രം സ്വയം അണിയാൻ പോലും സാധിക്കുന്നില്ല.
400 വർഷങ്ങൾക്കുമുമ്പ് കർണാടകയിൽനിന്നെത്തിയ ദേവാംഗ സമുദായത്തില്‍പ്പെട്ടവരാണിവര്‍. കൊച്ചി രാജകുടുംബമാണ് വിശിഷ്ട വസ്ത്രങ്ങള്‍ നെയ്യാന്‍ ഇവരെ കൊണ്ടുവന്ന് ഭാരതപുഴയോരത്തെ കുത്താമ്പുള്ളി ഗ്രാമത്തില്‍ പാര്‍പ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. നെയ്ത്തല്ലാതെ മറ്റൊരു തൊഴിലും അറിയില്ല.
75 വയസ്സുള്ള ഗുണശേഖരൻ 60 വർഷമായി നെയ്യാൻ തുടങ്ങിയിട്ട്. ഹൃദ്രോഗിയായ ഇദ്ദേഹവും ഭാര്യ തങ്കമ്മാളും (65) നെയ്തു തുടരുന്നു. മൂന്ന് പെൺമക്കളെ വല്ല വിധേനയും വിവാഹം കഴിച്ചയച്ചു. 12 മണിക്കൂർ ജോലി ചെയ്താൽ 250-300 രൂപവരെയാണ് ലഭിക്കുക. സാധാരണ സാരി ആണെങ്കിൽ കഷ്ടി ഒരു ദിവസം കൊണ്ട് നെയ്തു തീർക്കും, ഡിസൈൻ സാരിയാണെകിൽ മൂന്ന്, നാല് ദിവസമാകും. ഭാര്യ തങ്കമ്മാൾ നെയ്യാനുള്ള നൂൽ ചുറ്റി നൽകും (താറ്). രണ്ടുപേർക്കും മരുന്നിനും മറ്റുമായി 8000 രൂപയോളം മാസം വേണം. റേഷൻ കാർഡ് മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തണം എന്നാണിവരുടെ ആവശ്യം. അതിനുപോലും സഹായിക്കാനാളില്ല.
നെയ്യാനുള്ള ഊടും പാവും കടക്കാർ നൽകും. കസവ് സൂറത്തിൽ നിന്നും നൂൽ സേലത്തുനിന്നുമാണ് കുത്താമ്പുള്ളിയിലെത്തുന്നത്. കുത്താമ്പുള്ളിയിലെ കസവ് വ്യാപാരം ലോക ശ്രദ്ധ പിടിച്ചു പറ്റുമ്പോഴും തൊഴിലാളികൾക്ക് അനാരോഗ്യമല്ലാതെ മറ്റൊന്നും സമ്പാദ്യമില്ല. ഇപ്പോഴുള്ള തലമുറയോടെ പരമ്പരാഗത കൈത്തറി നെയ്ത്തില്ലാതെയാകുമെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. കാരണം പുതിയ തലമുറ ഈ രംഗത്തേക്കില്ല. കുത്താമ്പുള്ളി കൈത്തറി നെയ്തു വ്യവസായ സഹകരണസംഘത്തിൽ 400 നെയ്ത്തുകാരുണ്ടായിരുന്ന സ്ഥാനത്ത് ഇന്നിപ്പോൾ 40-50 പേർ മാത്രമാണുള്ളത്.