കുടിവെള്ളം കിട്ടാക്കനിയല്ലാത്ത കാലം സ്വപ്നം കണ്ട് നാട്ടികക്കാർ
text_fieldsതൃപ്രയാർ: നാട്ടികക്കാരനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസുഫലി കുടിവെള്ളത്തെ സംബന്ധിച്ച് നടത്തിയ പ്രഖ്യാപന പ്രതീക്ഷയിലാണ് നാട്ടികക്കാർ. ഒന്നര പതിറ്റാണ്ടു മുമ്പ് നാട്ടിക പഞ്ചായത്ത് ഓഫിസ് അങ്കണത്തിൽ നടന്ന സമ്മേളനത്തിലാണ് നാട്ടികക്കാരുടെ പ്രധാനപ്പെട്ട പ്രശ്നപരിഹാരത്തിനുവേണ്ടി പഞ്ചായത്ത് ഭരണസമിതിയോട് യൂസുഫലി തന്റെ സഹായഭ്യർഥന നടത്തിയത്.
നാട്ടിക പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കാവുന്ന ഒരു പ്രൊജക്റ്റും നടപ്പാക്കാനുള്ള ഭൂമിയും നൽകിയാൽ അതു നിർമിച്ച് നൽകാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇച്ഛാശക്തിയുള്ള ഭരണസമിതികളില്ലാത്തതിനാൽ ഇതുവരെ ശ്രമങ്ങളൊന്നും നടന്നില്ല. മഴക്കാലത്തുപോലും കുടിവെള്ളത്തിന് പരക്കംപായേണ്ടി വരുന്നവരാണ് നാട്ടികക്കാർ.
വേനലിൽ ലക്ഷങ്ങൾ മുടക്കി ടാങ്കർ ലോറികളിൽ ജലവിതരണവും നടത്തുന്നു. ദാഹജലത്തിനായി ലക്ഷങ്ങൾ ചെലവിട്ട് വാട്ടർ കിയോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. തുടർന്ന് അതിനു വേണ്ടി വരുന്ന ചെലവുകൾ വേറെ. കുടിവെള്ള പദ്ധതി സൗജന്യമായി നിർമിച്ചു നൽകാമെന്ന വാഗ്ദാനത്തെ നാട്ടികക്കാർ നെഞ്ചോട ചേർത്തെങ്കിലും ഭരണ സാരഥികളുടെ മനോഘടനയിൽ അതിനു വില നൽകുന്നില്ല.