പ്രാദേശിക കുടിവെള്ള പദ്ധതികൾക്കായി കയ്പമംഗലം മണ്ഡലം
text_fieldsകൊടുങ്ങല്ലൂർ: കുടിവെള്ള ക്ഷാമം വിട്ടൊഴിയാത്ത കയ്പമംഗലം നിയോജക മണ്ഡലത്തിൽ പ്രാദേശിക കുടിവെള്ള പദ്ധതികൾ നടപ്പാക്കാൻ ആലോചന.
ഈയിടെ ശ്രീനാരായണപുരം പഞ്ചായത്തിലെ കല്ലുംപുറം കുടിവെള്ള കൂട്ടായ്മയിൽ തുടക്കം കുറിച്ച ചെറുകുടിവെള്ള പദ്ധതിയുടെ വിജയവും, എടതിരുത്തി പഞ്ചായത്തിലെ രാമംകുളം, കടലായ് കുളം തനത് പദ്ധതികളുടെ നല്ല രീതിയിലുള്ള മുന്നോട്ട് പോക്കിന്റെയും പശ്ചാത്തലത്തിലാണ് ഇ.ടി. ടൈസൺ എം.എൽ.എയും കൂട്ടരും ചെറിയ പദ്ധതികളെ കുറിച്ച് ആലോചിക്കുന്നത്.
നാല് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച നാട്ടിക ഫർക്ക കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്ന തീരദേശത്തെ പത്ത് പഞ്ചായത്തുകളിൽ അഞ്ചും കയ്പമംഗലം നിയോജക മണ്ഡലത്തിയാണ്. കരുവന്നൂർ പുഴയിലെ ഇല്ലിക്കൽനിന്ന് പമ്പ് ചെയ്യുന്ന വെള്ളം വെള്ളായനി ട്രീറ്റ്മെൻറ് പ്ലാൻറ് വഴി ശുദ്ധീകരിച്ചാണ് തീരദേശ മേഖലയിൽ വിതരണം ചെയ്യുന്നത്. പദ്ധതി കാലഹരണപ്പെട്ടതോടെ പൈപ്പ് പൊട്ടലും മറ്റു തകരാറുകളും പതിവാണ്.
20 വർഷത്തേക്ക് വിഭാവനം ചെയ്ത പദ്ധതിയിൽ ഗുണഭോക്താക്കളുടെ എണ്ണം പത്ത് ഇരട്ടിയിലേറെ വർധിക്കുകയുമുണ്ടായി. ഇതോടെ കുടിവെള്ള വിതരണവും താളംതെറ്റി. ഇതിനിടയിലാണ് പ്രാദേശിക കുടിവെള്ള പദ്ധതികൾ മാതൃകയാവുന്നത്. പൊരി ബസാർ കല്ലുംപുറം ചെറുപദ്ധതിയിൽനിന്ന് അറുപതോളം കുടുംബങ്ങൾക്ക് സുഗമമായി കുടിവെള്ളം കിട്ടുന്നുണ്ട്.
ഉദാരമതികളുടെ സഹായത്തോടൊപ്പം ഗുണഭോക്താക്കളുടെ വിഹിതവും യുവാക്കളുടെ സന്നദ്ധ സേവനവും ഉൾച്ചേർന്നതാണ് ഈ ജനകീയ പദ്ധതി. ഇത്തരം പദ്ധതികൾ പഞ്ചായത്തുകളുടെ സഹകരണത്തോടെ യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.