കാർ ബസിലേക്കും നിർത്തിയിട്ട ബൈക്കിലേക്കും ഇടിച്ചുകയറി എട്ട് പേർക്ക് പരിക്ക്
text_fieldsഉത്രാളിക്കാവ് ക്ഷേത്രവളവിൽ ഉണ്ടായ അപകടത്തിൽ ബൈക്കും കാറും തകർന്ന നിലയിൽ
വടക്കാഞ്ചേരി: നിയന്ത്രണം വിട്ട കാർ സ്വകാര്യ ബസിലേക്കും നിർത്തിയിട്ട ബൈക്കിലേക്കും ഇടിച്ചുകയറി എട്ട് പേർക്ക് പരിക്കേറ്റു. ഉത്രാളിക്കാവ് ക്ഷേത്രം കഴിഞ്ഞുള്ള ഇറക്കത്തിലെ വളവ് പരുത്തിപ്പറക്ക് സമീപം തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.
ബൈക്ക് തൊട്ടടുത്ത പറമ്പിലേക്ക് തെറിച്ചുവീണ നിലയിലാണ്. ഉക്കടം സ്വദേശിനി മുംതാസ് (47), ഒപ്പമുണ്ടായിരുന്ന അഫീഫ (9), ബസ് യാത്രക്കാരായ മണ്ണാർക്കാട് വെള്ളാട്ട്തുടി വിനു (45), കാക്കശ്ശേരി ഉഷ (38), അനീഷ (10), മുള്ളൂർക്കര തേവര് വിജയൻ നായർ (82), ബൈക്ക് യാത്രക്കാരായ മായന്നൂർ രാഗിണി പറമ്പിൽ സുജിത്ത് (29), ഭാര്യ ശ്രീപ്രിയ (21)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തൃശൂർ ഭാഗത്തുനിന്ന് ഷൊർണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും ഷൊർണൂർ ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ നീങ്ങി സമീപത്തെ മതിലിലേക്ക് ഇടിച്ചുകയറി. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വടക്കാഞ്ചേരി പൊലീസ് എസ്.ഐ സി.ഡി. സന്തോഷ്, ഹൈവേ പൊലീസ് എസ്.ഐ എ.വി. സന്തോഷ്, സി.പി.ഒമാരായ ജിതിൻ, രാഹുൽ ഉൾപ്പെടെയുള്ള സംഘമാണ് രണ്ട് മണിക്കൂറോളം പ്രയത്നിച്ച് സംസ്ഥാന പാതയിലുണ്ടായ ഗതാഗത തടസ്സം നീക്കിയത്. അഗ്നിരക്ഷാസേന സംഘവും നാട്ടുകാരും സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


