മൂന്നുനാൾ മഴയും വെയിലുമേറ്റ് നടുറോഡിൽ; ഒടുവിൽ വയോധികന് മോചനം
text_fieldsതൃശൂർ റെയിൽവേ സ്റ്റേഷന് സമീപം പ്രധാന റോഡിൽ മൂന്നുദിവസമായി വീണനിലയിൽ കണ്ടെത്തിയ വയോധികൻ
തൃശൂർ: ആയിരക്കണക്കിന് ആളുകൾ ദിനവും കടന്നുപോകുന്ന പെരുവഴിയോരത്ത് വയോധികൻ മഴയും വെയിലുമേറ്റ് തളർന്നുകിടന്നത് മൂന്നുനാൾ. ആരോരും തിരിഞ്ഞുനോക്കിയില്ല. നടതള്ളിയതെന്ന് സംശയം. തൃശൂർ റെയിൽവേ സ്റ്റേഷന് മുൻവശത്താണ് 70 വയസ്സിന് മുകളിൽ പ്രായമുള്ള വൃദ്ധൻ റോഡിന് അടുത്ത് വീണുകിടന്നത്. റെയിൽവേ പൊലീസോ, സിറ്റി പൊലീസോ ഇയാളെ കണ്ടതായി പോലും നടിച്ചില്ല. യാത്രക്കാരും ആരും തിരിഞ്ഞുനോക്കിയില്ല. റെയിൽവേ പാർസൽ സർവിസ് ഓഫിസിന് സമീപത്തെ തിരക്കുപിടിച്ച റോഡ് സൈഡിലാണ് ഇയാൾ വീണുകിടന്നത്.
വയോധികൻ തളർന്നുകിടക്കുന്നത് ശ്രദ്ധയിൽപെട്ട റെയിൽവേ കെട്ടിടത്തിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന സുരേഷ് ബാബു റെയിൽവേ പൊലീസിനെയും സിറ്റി പൊലീസിനെയും മാറിമാറി വിവരം അറിയിച്ചിട്ടും അവർ തിരിഞ്ഞുനോക്കിയില്ലെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. തുടർന്ന് ഇദ്ദേഹം തന്നെ സേവാഭാരതിയുടെ ആംബുലൻസ് വിളിച്ച് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരു ഭാഗം തളർന്ന നിലയിലാണുള്ളത്. എറണാകുളം നോർത്ത് പറവൂർ സ്വദേശി സന്തോഷ് എന്നാണ് ഇയാളുടെ കൈവശമുണ്ടായിരുന്ന രേഖകളിൽനിന്നും സംസാരത്തിൽനിന്നും മനസ്സിലാക്കാനായത്. മകളുടേതെന്ന ഇയാളുടെ പക്കൽനിന്നും ലഭിച്ച മൊബൈൽ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ സംസാരിക്കാൻ തയാറായില്ല.
ഉയർന്ന വിദ്യാഭ്യാസമുള്ള നേവി ഓഫിസർ ആകാൻ സാധ്യതയുണ്ടെന്നും സുരേഷ് ബാബു പറയുന്നു. ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ അടങ്ങിയ ഒരു തടിച്ച കെട്ടും ഇയാൾക്കൊപ്പം കിട്ടിയിട്ടുണ്ട്. തീർത്തും അവശനായ നിലയിലാണ് ആശുപത്രിയിൽ എത്തിച്ചിട്ടുള്ളത്. വരും ദിവസങ്ങളിലേ കൂടുതൽ വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കാനാകൂ. അതേസമയം, തൃശൂർ നഗരത്തിൽ അടുത്തിടെയായി പ്രായമായ ആളുകളെ നട തള്ളുന്നതെന്ന് സംശയിക്കുന്ന തരത്തിൽ കടത്തിണ്ണകളിലും മറ്റും അന്തിയുറങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ഇതര സംസ്ഥാനക്കാരും നാടോടികളുമല്ലാതെ നിരത്തുകളിൽ അന്തിയുറങ്ങുന്നവരുടെ നഗരത്തിൽ കൂടിയിട്ടുണ്ട്.