വിജനമായ പറമ്പിൽ പുരുഷന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി
text_fieldsകടങ്ങോട് പാറപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തലയോട്ടി കണ്ടെത്തിയതിനെ തുടർന്ന് എരുമപ്പെട്ടി പൊലീസും ഫോറൻസിക്ക് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നു
എരുമപ്പെട്ടി: സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുരുഷന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. കടങ്ങോട് പാറപ്പുറം കളപ്പുറത്ത് അയ്യപ്പൻകാവിന് സമീപത്തെ പറമ്പിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഒറ്റപ്പാലം കേരളശ്ശേരി കണ്ണേങ്കാട്ടിൽ വീട്ടിൽ കൃഷ്ണൻകുട്ടിയുടേതാണ് (67) തലയോട്ടിയും അസ്ഥികളുമെന്നാണ് നിഗമനം. പ്രദേശവാസിയായ കരുവാത്ത് വീട്ടിൽ പരേതയായ ശാരദയുടെ ഭർത്താവായ കൃഷ്ണൻകുട്ടിയെ മൂന്നുമാസം മുമ്പ് കാണാതായിരുന്നു.
കൃഷ്ണൻകുട്ടി തൂങ്ങി മരിച്ചതാകാമെന്നതിനുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ പറമ്പിലെ പാഴ്മരങ്ങൾ മുറിക്കാനെത്തിയവരാണ് തലയോട്ടി കണ്ടത്.
തുടർന്ന് എരുമപ്പെട്ടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ഇൻസ്പെക്ടർ സി.വി. ലൈജു മോന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കൃഷ്ണൻകുട്ടിയുടെ ബാങ്ക് പാസ്ബുക്കും ചെരുപ്പുകളും വസ്ത്രവും സമീപത്തു നിന്നും കണ്ടെത്തി.
തലയോട്ടിയും അസ്ഥിയും പൊലീസ് കസ്റ്റഡിയിലെടുത്ത് തൃശൂർ മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗത്തിന് കൈമാറി. സയന്റിഫിക് ഓഫിസർ എം.എസ്. ഷംന, ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സ്ഥലത്ത് പരിശോധനകൾ നടത്തി.