സ്കൂൾ മാനേജറെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടൽ; പ്രതി അറസ്റ്റിൽ
text_fieldsഹരൻ
എരുമപ്പെട്ടി: അധ്യാപക ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ വെള്ളറക്കാട് മനപ്പടി പള്ളിയത്ത് വീട്ടിൽ ഹരനെ (55) അറസ്റ്റ് ചെയ്തു. സമാനമായ കേസിൽ രണ്ടുമാസം മുമ്പ് ഹരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളറക്കാട് വിവേക സാഗരം സ്കൂളിൽ അധ്യാപക നിയമനം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഇയാൾ പലരിൽനിന്ന് പണം വാങ്ങിയിട്ടുള്ളത്.
വിവേക സാഗരം സ്കൂളിന്റെ മാനേജരുടെ മകനാണ് ഹരൻ. ഇയാളുടെ സഹോദരൻ മരിച്ച ഹൈമനായിരുന്നു സ്കൂൾ നടത്തിപ്പിന്റെ ചുമതല. എന്നാൽ, സ്കൂളിന്റെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് ഹരനായിരുന്നു. താൻ മാനേജരാണെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ഇയാൾ ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുള്ളത്. ആറിലധികം പരാതികൾ ഹരനെതിരെ നിലവിലുണ്ട്.
25 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെ ഓരോ വ്യക്തികളിൽനിന്ന് വാങ്ങിയതായി പരാതിയുണ്ട്. പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലും മറ്റു തട്ടിപ്പ് കേസിലും ഹാജരാവാത്തതിനെ തുടർന്നാണ് തിങ്കളാഴ്ച പുലർച്ചെ എരുമപ്പെട്ടി പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.