എരുമപ്പെട്ടിയിൽ പ്രചാരണം പൊടിപാറുന്നു; സ്വതന്ത്രരായി റിബലുകളും സജീവം
text_fieldsനെല്ലുവായ് പട്ടാമ്പി റോഡ് ജങ്ഷനിൽ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള മറച്ച് സ്ഥാപിച്ച തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ
എരുമപ്പെട്ടി: പഞ്ചായത്തിലെ 19 വാർഡുകളിലേക്കും നാല് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേക്കും ഒരു ജില്ല പഞ്ചായത്ത് ഡിവിഷനിലേക്കുമുള്ള പ്രതിനിധികളാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത്. കഴിഞ്ഞതവണ 18ൽ 10 വാർഡുകൾ പിടിച്ച് ഭരണം നേടിയ എൽ.ഡി.എഫ് ഭരണത്തുടർച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ, മികച്ച ഭരണം കാഴ്ചവെച്ചിട്ടും കഴിഞ്ഞതവണ നഷ്ടപ്പെട്ട പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനുള്ള ശക്തമായ പ്രവർത്തനങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. 2015ലെ തെരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ അക്കൗണ്ട് തുറന്ന ബി.ജെ.പിക്ക് കഴിഞ്ഞ അത് നിലനിർത്താനായില്ല.
എങ്കിലും കഴിഞ്ഞ തവണ ഏതാനും വാർഡുകളിൽ രണ്ടാംസ്ഥാനത്ത് എത്തിയതിന്റെ വിജയപ്രതീക്ഷ എൻ.ഡി.എക്കുണ്ട്. വീടുകൾ കയറിയുള്ള പ്രവർത്തനങ്ങൾ മൂന്നാം ഘട്ടം ഇരുമുന്നണികളും പിന്നിട്ടു. എന്നാൽ, ജില്ല പഞ്ചായത്ത് സ്ഥാനാർഥിയുടെ മണ്ഡലം പര്യടനം എൽ.ഡി.എഫ് പൂർത്തിയാക്കിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥിയുടെ പര്യടനം ബുധനാഴ്ച ദേശമംഗലത്തുനിന്നും ആരംഭിച്ചു. യു.ഡി.എഫിന് വാർഡുകളിൽ റിബലുകൾ സ്വതന്ത്രരായി മത്സര രംഗത്തുണ്ട്. സി.പി.എം ചാത്തംകുളം മുൻ ബ്രാഞ്ച് സെക്രട്ടറിയും സജീവ പ്രവർത്തകനുമായിരുന്ന ഒ.എം. അജിതൻ ഏഴാം വാർഡിൽ ഔദ്യോഗിക സ്ഥാനാർഥിക്ക് എതിരെ മത്സര രംഗത്തുള്ളത്.
പഞ്ചായത്തിലെ ഒന്നാം വാർഡിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും കടവല്ലൂർ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ കെ. ഗോവിന്ദൻ കുട്ടിയാണ് സ്വതന്ത്രനായി ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരരംഗത്തുള്ളത്. നാല് പതിറ്റാണ്ടായി സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന തന്നെ അവസാന നിമിഷം ജില്ല നേതൃത്വം തഴയുകയായിരുന്നു എന്നതാണ് ആരോപണം. ഇദ്ദേഹവും വാർഡ് പ്രസിഡന്റ് അടക്കമുള്ളവരും പാർട്ടിയിൽനിന്നും രാജിവച്ചാണ് പ്രചാരണത്തിനിറങ്ങുന്നത്.


