എരുമപ്പെട്ടിയിൽ വഴിയോര കച്ചവടം ഒഴിപ്പിച്ച് തുടങ്ങി
text_fieldsഎരുമപ്പെട്ടി: പൊതുനിരത്തിലെ വഴിയോര കച്ചവടങ്ങൾ പൊതുമരാമത്ത് വകുപ്പ് പൊളിച്ചുനീക്കി തുടങ്ങി. കരിയന്നൂർ മുതൽ നെല്ലുവായ് വരെയുള്ള സംസ്ഥാന പാതക്കരികിൽ കച്ചവടക്കാർ ഇറക്കി കെട്ടിയിട്ടുള്ള ഷെഡുകൾ, പരസ്യ ബോർഡുകൾ, കൊടിതോരണങ്ങൾ എന്നിവയാണ് നീക്കുന്നത്.
വടക്കാഞ്ചേരി പൊതുമരാമത്ത് റോഡ്സ് സെക്ഷൻ ഉദ്യോഗസ്ഥർ എരുമപ്പെട്ടി പൊലീസിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ കരിയന്നൂർ ഭാഗത്ത് നിന്നാണ് പൊളിച്ചു നീക്കൽ ആരംഭിച്ചത്. ഒരാഴ്ച മുൻപ് പൊതുമരാമത്ത് വകുപ്പ് വഴിയോര കച്ചവടക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പൊളിച്ച് മാറ്റാൻ ആരും തയാറായില്ല.
അതിനാൽ നോട്ടീസ് കാലാവധി കഴിഞ്ഞ അടുത്ത ദിവസം തന്നെ പൊതുമരാമത്ത് പൊളിച്ചുനീക്കൽ ആരംഭിക്കുകയായിരുന്നു. ഉച്ചയോടെ കടങ്ങോട് റോഡ് സെന്റർ വരെ പൊളി തുടർന്നു. വഴിയോര സ്ഥാപനങ്ങൾ സ്വയം നീക്കം ചെയ്യാൻ തിങ്കളാഴ്ച വരെ പൊതുമരാമത്ത് വകുപ്പ് സമയം അനുവദിച്ചിട്ടുണ്ട്. എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടർ ലൈജുമോൻ, പൊതുമരാമത്ത് വകുപ്പ് സെക്ഷൻ എ.ഇ പി.എൻ. വിനീത്, ഓവർസിയർമാരായ ഭവ്യ, വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.