മണ്ണിടിച്ചിൽ ഭീഷണി; ജിയോളജി വകുപ്പ് പരിശോധന നടത്തി
text_fieldsഎരുമപ്പെട്ടി പഞ്ചായത്തിലെ മണ്ണിടിച്ചിൽ ഭീഷണിയുള്ള കരിയന്നൂരിൽ ജിയോളജി വകുപ്പ് പരിശോധന നടത്തുന്നു
എരുമപ്പെട്ടി: പഞ്ചായത്തിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ ജിയോളജി വകുപ്പ് പരിശോധന നടത്തി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. കുട്ടഞ്ചേരി പറക്കുന്ന്, പാലപ്പെട്ടി, തൂവാറ തുടങ്ങിയ കുന്നുകളിലും വീടുകൾക്ക് സമീപവും കരിയന്നൂരിലെ കുന്നിൻ ചെരുവിലെ വീടുകൾക്ക് സമീപവുമാണ് മണ്ണിടിച്ചിലുണ്ടായത്. കുട്ടഞ്ചേരി കുന്നത്ത് നാരായണന്റെ വീടിന് പിറകിലെ കുന്നിടിഞ്ഞിരുന്നു. 2018 ലെ പ്രളയത്തിലും മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് കുട്ടഞ്ചേരിയിൽ ഏതാനും വീടുകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു.
കരിയന്നൂർ കുന്നിൻ ചെരുവിൽ താമസിക്കുന്ന മുക്കിൽപുരയ്ക്കൽ ദാസൻ, മുക്കിൽപുരയ്ക്കൽ വേലായുധൻ, മഠത്തിൽപറമ്പിൽ ഭാസ്കരൻ, കരിയന്നൂർ മണി എന്നിവരുടെ വീടിന്റെ പിറക് വശത്താണ് വലിയ രീതിയിൽ മണ്ണിടിഞ്ഞത്. അറുപതോളം വീടുകളും അപകട സാധ്യത പ്രദേശ പരിധിയിലുണ്ട്. ഇവർ താമസിക്കുന്ന കുന്നിനോട് ചേർന്ന് വലിയ അളവിൽ വെള്ളം കെട്ടിനിൽക്കുന്ന ഭീമൻ കരിങ്കൽ ക്വാറികളുണ്ട്. 2018ൽ പ്രളയ കാലത്തും കരിയന്നൂർ കുന്നിൽ വിള്ളൽ അനുഭവപ്പെട്ടിരുന്നു.
മണ്ണിടിയുന്ന ഭൂമികൾ തട്ടുകളാക്കി രൂപമാറ്റം വരുത്താൻ ഉദ്യോസ്ഥർ നിർദേശം നൽകി. കുന്നംകുളം തഹസിൽദാർ. ഒ.വി. ഹേമ, ഡെപ്യൂട്ടി തഹസിൽദാർമാരായ ടി.എസ്. സുരേഷ് കുമാർ, പി.എസ്. ശശി, സ്പെഷ്യൽ വില്ലേജ് ഓഫിസർ ബിജു എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ, വാർഡ് അംഗങ്ങളായ സ്വപ്ന പ്രദീപ്, സതി മണികണ്ഠൻ എന്നിവരും ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു.