എരുമപ്പെട്ടി ഗവ. ആശുപത്രിയിൽ ഉച്ചക്ക് ശേഷം ഡോക്ടർ ഇല്ല; ബുദ്ധിമുട്ടിലായി രോഗികൾ
text_fieldsഎരുമപ്പെട്ടി: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഉച്ചക്ക് ശേഷം ഡോക്ടറില്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. രണ്ട് മാസമായി ഉച്ചക്ക് ശേഷമുള്ള ഡോക്ടറുടെ സേവനം നിലച്ചിട്ട്. നിലവിലുണ്ടായിരുന്ന താൽക്കാലിക ഡോക്ടർ വിദേശത്ത് പോയതാണ് ചികിത്സ നിർത്താൻ കാരണം. ഡോക്ടർ പോകുന്നതിനെ കുറിച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ ആശുപത്രി അധികാരികളെ അറിയിച്ചിരുന്നു. എന്നാൽ പകരം സംവിധാനമൊരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
എൻ.ആർ.എച്ച്.എമ്മിന്റെ കീഴിലാണ് ഡോക്ടറെ നിയമിച്ചത്. കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് ഇവർക്ക് വേതനം നൽകുന്നത്. എന്നാൽ ഫണ്ട് വരാത്തതിനാൽ മാസങ്ങളോളമായി എൻ.ആർ.എച്ച്.എം ഡോക്ടർമാർക്കും നഴ്സുമാർക്കും വേതനം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.
ഇതും ഡോക്ടറെ നിയമിക്കുന്നതിന് തടസ്സമാകുന്നതായി പറയുന്നു. എരുമപ്പെട്ടി, കടങ്ങോട്, വേലൂർ, വരവൂർ, തിരുമിറ്റകോട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമായി പ്രതി ദിനം 500ലധികം രോഗികൾ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. മഴക്കാലമായാൽ രോഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകും.
ആശുപത്രിയുടെ ചുമതലയുള്ള വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഇടപ്പെട്ട് എത്രയും വേഗം ഡോക്ടറെ നിയമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.