കൈകൊട്ടിക്കളിയെ ചേർത്തുപിടിച്ച് കൊരട്ടിയാംകുന്നിലെ യുവതീയുവാക്കൾ
text_fieldsഎരുമപ്പെട്ടി: പഴയകാലത്ത് ഗ്രാമങ്ങളിലെ ഓണാഘോഷത്തിൽ നിലനിന്നിരുന്ന വട്ടക്കളി അഥവ കൈകൊട്ടികളിയെ അവതരിപ്പിച്ച് സംരക്ഷിക്കുകയാണ് കാഞ്ഞിരക്കോട് കൊരട്ടിയാം കുന്നിലെ യുവകൂട്ടായ്മ. പഴമക്കാരിൽനിന്ന് പകർന്നു കിട്ടിയ അറിവ് പുതു തലമുറക്കാർ ചേർത്തുപിടിച്ച് വരും തലമുറയിലേക്ക് പകരുകയാണ് ലക്ഷ്യം. തികച്ചും ഗ്രാമീണമായ ഈ കലാരൂപം പലയിടത്തും നിലച്ചുപോയെങ്കിലും അന്യംനിന്നുപോകാതെ നിലനിൽക്കുന്നത് കൊരട്ടിയാംകുന്ന് ഗ്രാമത്തിലാണ്. അത്തംനാളിൽ തുടങ്ങി 16ാം മകം വരെ 26 ദിവസം നീളുന്ന ഈ ആലോഷം പരീക്ഷ കാലമായതിനാൽ ഇത്തവണ തിരുവോണ നാളിലാണ് ആരംഭിച്ചത്. രാത്രി ഭക്ഷണശേഷം എട്ട് മണിയോടെയാണ് വട്ടക്കളി ആരംഭിക്കുക.
നാടൻ പാട്ടുകളും കൃഷിപ്പാട്ടുകളും വടക്കൻ പാട്ടുകളുമാണ് വട്ടപ്പാട്ടിൽ പാടുന്നത്. പാട്ടിന്റെ താളത്തിനൊപ്പം കൈകൾ കൊട്ടി ചുവടുവെച്ച് വട്ടത്തിൽ നിന്നാണ് കളിക്കുക. പ്രായഭേദമന്യേ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചാണ് കളിക്കുക. വർഷങ്ങൾ കഴിഞ്ഞിട്ടും തനിമ ചോരാതെ തലമുറകൾ പകർന്നു തന്ന പാട്ടുകളും ചുവടുകളുമായി നിറഞ്ഞ് കളിക്കുന്ന വട്ടക്കളി കൊരട്ടിയാംകുന്ന് ഗ്രാമത്തിൽ ഇന്നും നിലനിൽക്കുന്നു.