ഓടുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരക്കൊമ്പ് വീണ് രണ്ടുപേര്‍ക്ക് പരിക്ക്
text_fieldsപാഴിയോട്ടുമുറിയിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്ക് പൊട്ടിവീണ മരത്തിന്റെ കൊമ്പ് മുറിച്ചുനീക്കുന്നു
എരുമപ്പെട്ടി: ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന്റെയും ഓട്ടോറിക്ഷയുടെയും മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് രണ്ട് പേർക്ക് പരിക്കേറ്റു. പിക്കപ്പ് വാൻ ഡ്രൈവർ കുട്ടഞ്ചേരി ചെറുകുന്നത്ത് വീട്ടിൽ സിനീഷ് (38), ഓട്ടോ ഡ്രൈവർ തോന്നല്ലൂർ കാണൂർ വീട്ടിൽ ഉണ്ണികൃഷ്ണൻ (48) എന്നിവരെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാനപാതയിലെ പാഴിയോട്ടുമുറിയിൽ വെള്ളിയാഴ്ച രാവിലെ 11.40നാണ് അപകടമുണ്ടായത്. റോഡരികിലെ മരം രണ്ടായി പിളർന്ന് ഒരു ഭാഗം റോഡിന് കുറുകെ വീഴുകയായിരുന്നു. തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളത്ത് നിന്നെത്തിയ അഗ്നിരക്ഷസേനയുടെ നേതൃത്വത്തിൽ മരത്തിന്റെ ചില്ലകൾ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. എരുമപ്പെട്ടി എസ്.ഐ യു. മഹേഷ് സ്ഥലത്തെത്തി.