പാടശേഖരങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം; കർഷകർ ദുരിതത്തിൽ
text_fieldsമങ്ങാട് കോട്ടപ്പുറം പടിഞ്ഞാറെ പാടശേഖരത്തിലെ മുളച്ചുതുടങ്ങിയ വിത്തുകളും ഞാറും
കാട്ടുപന്നികൾ കുത്തി നശിപ്പിച്ച നിലയിൽ
എരുമപ്പെട്ടി: പാടശേഖരങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കർഷകർ ദുരിതത്തിലായി. കഴിഞ്ഞദിവസം രാത്രി മങ്ങാട് കോട്ടപ്പുറം പടിഞ്ഞാറെ പാടശേഖരത്തിൽ മുളച്ചുതുടങ്ങിയ വിത്തുകളും ഞാറും കാട്ടുപന്നി കൂട്ടം വ്യാപകമായി കുത്തി നശിപ്പിച്ചു. ഏക്കർ കണക്കിന് വരുന്ന നെൽപ്പാടങ്ങളിൽ കൃഷിക്കായി ഒരുക്കിയ ഞാറാണ് നശിച്ചത്.
യന്ത്രം ഉപയോഗിച്ച് നടാൻ തയാറാക്കിയ ഞാറാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. ഈ ഞാറുകൾ ഇനി യന്ത്രമുപയോഗിച്ച് നടാൻ കഴിയാത്ത അവസ്ഥയിലായി. 100 ഏക്കർ പാടശേഖരത്തിലെ 25 ഏക്കറോളം സ്ഥലത്താണ് ഞാറ് നട്ടു കഴിഞ്ഞത്.
ബാക്കിയുള്ള 75 ഏക്കർ പാടശേഖരത്തിലേക്കുള്ള ഞാറുകളാണ് കാട്ടുപന്നി നശിപ്പിച്ചത്. കാട്ടുപന്നി ശല്യം തടയാൻ ഞാറ് മുളപ്പിക്കുന്നതിന് ചുറ്റും സാരിയും വലയും ഉപയോഗിച്ച് തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നെങ്കിലും കാട്ടുപന്നികൾ കൂട്ടമായി എത്തി അവ നശിപ്പിച്ചു.
കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൃഷി-വനംവകുപ്പ് ഓഫിസുകളിലും പഞ്ചായത്തിലും പരാതികൾ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. കർഷകർ ദ്രോഹമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ നിയമം ഉണ്ടെങ്കിലും എരുമപ്പെട്ടി പഞ്ചായത്തിൽ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പാടശേഖര സമിതി പ്രസിഡന്റ് എ.പി. ദേവസി, ഭാരവാഹികളായ സണ്ണി ചുങ്കത്ത്, പി. ജനാർദനൻ എന്നിവർ പറഞ്ഞു.