ഭാര്യയെ ദേഹോപദ്രവമേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsമുഹമ്മദ് ഷെരീഫ്
എരുമപ്പെട്ടി: ഭാര്യയെ ദേഹോപദ്രവമേൽപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറമനേങ്ങാട് ലക്ഷംവീട് നഗറിൽ ചീരാംപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷെരീഫിനെയാണ് (38) എരുമപ്പെട്ടി എസ്.ഐ യു. മഹേഷ് അറസ്റ്റ് ചെയ്തത്. പിതാവിന്റെ കൂടെ ബന്ധുവീട്ടിൽ പോയി തിരിച്ചെത്തിയപ്പോൾ നേരം വൈകിയതിന്റെ പേരിൽ ഷെരീഫ് ഭാര്യയായ ശരീഫയുമായി തർക്കമുണ്ടാകുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. അടി കൊണ്ട് രക്തം വാർന്ന ശരീഫയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കുശേഷം ശരീഫയും കുടുംബവും എരുമപ്പെട്ടി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്. ഷെരീഫ് തന്നെ നിരന്തരം മർദിക്കുക പതിവായിരുന്നുവെന്നും മുമ്പ് തന്റെ ശരീരത്തിൽ ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചിട്ടുണ്ടെന്നും മക്കളെ ഓർത്താണ് താൻ ഇതുവരെ ക്ഷമിച്ചതെന്നും ശരീഫ പറയുന്നു. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.