കുടുംബനാഥനെ കോവിഡ് കവര്‍ന്നു; ആശ്രയമറ്റ് കുടുംബം
text_fieldsഗൃഹനാഥെൻറ മരണത്തെ തുടര്‍ന്ന് ദുരിതത്തിലായ കുടുംബം
വെള്ളിക്കുളങ്ങര: കുടുംബനാഥനെ കോവിഡ് കവര്‍ന്നതോടെ ദുരിതക്കയത്തിലാണ്ടിരിക്കയാണ് വെള്ളിക്കുളങ്ങരക്കടുത്ത് മോനൊടിയിലെ ഒരു കുടുംബം. രണ്ടാഴ്ച മുമ്പ് മരിച്ച മോനൊടി കൈലാന്‍ വീട്ടില്‍ ഗണേഷ്കുമാറിെൻറ കുടുംബമാണ് അതിജീവനത്തിന് വിഷമിക്കുന്നത്.
നിര്‍മാണ തൊഴിലാളിയായിരുന്ന ഗണേഷ്കുമാറിെൻറ വരുമാനത്തിലാണ് ഭാര്യയും വിദ്യാര്‍ഥികളായ മൂന്ന് മക്കളും കഴിഞ്ഞുകൂടിയിരുന്നത്. അടച്ചുറപ്പുള്ള വീടില്ല.
അഞ്ച് സെൻറ് ഭൂമിയില്‍ തകരവും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ച് മേല്‍ക്കൂര മേഞ്ഞ ചെറിയൊരു വീടാണ് ഇവരുടേത്. വൈദ്യുതിയും ലഭിച്ചിട്ടില്ല. തൊട്ടടുത്ത വീട് വരെ വൈദ്യുതി ലൈന്‍ എത്തിയിട്ടുണ്ട്. സാമ്പത്തിക പരാധീനത മൂലം വയറിങ് അടക്കമുള്ള പണികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാലാണ് ഇപ്പോഴും ഇരുട്ടില്‍ കഴിയുന്നത്.
ഭര്‍ത്താവിെൻറ മരണത്തോടെ മക്കളുടെ പഠനത്തിനും നിത്യവൃത്തിക്കും വഴി കാണാതെ വിഷമിക്കുകയാണ് ഗണേഷ്കുമാറിെൻറ ഭാര്യ മിനി. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ കൂലിപ്പണിക്ക് പോകാനും ഇവർക്ക് കഴിയുന്നില്ല.
സുമനസ്സുകളുടെ സഹായത്തോടെയാണ് ഇവർ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. സഹകരണ ബാങ്കില്‍നിന്ന് ഗണേഷ്കുമാര് എടുത്ത മുക്കാൽ ലക്ഷം രൂപയുടെ വായ്പയില്‍ ഇതുവരെ 15,000 രൂപ മാത്രമേ അടക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. സുമനസ്സുകളുടെ കൈത്താങ്ങ് തങ്ങള്‍ക്കുണ്ടാകുമെന്ന പ്രതീക്ഷയോടെ കഴിയുകയാണ് ഈ കുടുംബം.