കത്തിയമർന്ന് സ്വപ്നങ്ങൾ
text_fieldsതൃശൂർ റെയിൽവേ സ്റ്റേഷനിൽ ബൈക്ക് പാർക്കിങ് ഏരിയയിലുണ്ടായ അഗ്നിബാധ, കത്തി നശിച്ച ഇരുചക്ര വാഹനങ്ങൾ
തൃശൂർ: അധികൃതരുടെ ലാഭക്കൊതിക്കും കുറ്റകരമായ അനാസ്ഥക്കും വിലനൽകേണ്ടി വന്നത് സാധാരണക്കാരായ നൂറുകണക്കിന് മനുഷ്യർ. തൃശൂർ റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിനടുത്തുള്ള പാർക്കിങ് ഏരിയയിൽ ഞായറാഴ്ച രാവിലെ കത്തിയമർന്നത് മുന്നൂറോളം ഇരുചക്രവാഹനങ്ങൾ മാത്രമല്ല, വായ്പയെടുത്തും മറ്റും ഇരുചക്ര വാഹനങ്ങൾ വാങ്ങി റെയിൽവേ പാർക്കിങ്ങിൽ വെച്ച് മടങ്ങിയ നിരവധിപേരുടെ സ്വപ്നങ്ങൾ കൂടിയാണ്. ഇരുനൂറ് വാഹനങ്ങൾക്ക് മാത്രം അനുമതിയുള്ളിടത്ത് അഞ്ഞൂറിലധികം വാഹനങ്ങൾ കുത്തിനിറച്ച സ്വകാര്യ കരാറുകാരന്റെ അനാസ്ഥയും വേണ്ടവിധം സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാത്ത റെയിൽവേയുടെ നടപടിയുമാണ് വൻ ദുരന്തത്തിന് വഴിവെച്ചത്.
ഇലക്ട്രിക്കൽ ലൈനിൽ നിന്നുള്ള തീപ്പൊരിയിൽ തുടങ്ങി കോടികളുടെ നഷ്ടത്തിൽ കലാശിച്ച ദുരന്തം, റെയിൽവേയുടെ സുരക്ഷ വീഴ്ചയുടെ നേർസാക്ഷ്യമായി മാറുകയാണ്. ഒന്നര മണിക്കൂറോളം എടുത്താണ് തീയണക്കാനായത്. തീ അണഞ്ഞെങ്കിലും ബാക്കിയായത് ഇരുമ്പുകൂമ്പാരങ്ങളും ഉടമകളുടെ കണ്ണീരുമാണ്. പലർക്കും സ്വന്തം വാഹനം ഏതെന്ന് തിരിച്ചറിയാൻ പോലും സാധിച്ചില്ല. കൂട്ടുകാരുടെയും ബന്ധുക്കളുടെയും ബൈക്കുകൾ വെച്ച് പോയ പലരും വന്നു നോക്കുമ്പോൾ ചാമ്പലായി കിടക്കുന്നതാണ് കണ്ടത്. എന്തുമറുപടി പറയുമെന്നറിയാതെ നിസ്സഹായരായി നിൽക്കുന്ന നിരവധി പേരാണ് പാർക്കിങ് ഏരിയയിൽ കാണപ്പെട്ടത്.
അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത് റെയിൽവേയുടെ അശാസ്ത്രീയമായ നടപടികളാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ‘വെറും 200 ബൈക്കുകൾക്ക് മാത്രം അനുമതിയുള്ള സ്ഥലത്താണ് കുത്തിത്തിരുകി വാഹനങ്ങൾ അടുക്കി വെച്ചിരുന്നത്. അപകടത്തിന് ആക്കം കൂട്ടാൻ പ്രധാന കാരണമായത് ഈ തിക്കും തിരക്കുമാണ്’.- തൃശൂർ ഫയർ ഓഫിസർ അനിൽ വ്യക്തമാക്കി. സംഭവത്തിൽ സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൃശൂര്‍ അഗ്നിരക്ഷ കേന്ദ്രത്തിലെ സ്റ്റേഷൻ ഓഫിസർ ടി. അനിൽകുമാർ, ബി. ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.കെ. രഞ്ജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ശ്രീഹരി, സുധൻ, അനന്തകൃഷ്ണൻ, സഭാപതി, ഷാജു ഷാജി, ഹോം ഗാർഡ് വിജയൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ട്രെയ്നി) വൈശാഖ്, സുരേന്ദ്രൻ, അഖിൽ എന്നിവരും ഇരിങ്ങാലക്കുട നിലയത്തിൽ നിന്നും ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ കെ.സി. സജീവന്റെ നേതൃത്വത്തിലുള്ള യൂനിറ്റും, പുതുക്കാട് നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള യൂനിറ്റും ചേർന്നാണ് പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നല്‍കിയത്.
പാർക്കിങ് ഷെഡ് നിര്‍മാണം അനധികൃതമെന്ന് കോര്പറേഷന്
റെയില്‍വേ സ്റ്റേഷന് നാലാമത്തെ പ്ലാറ്റ് ഫോമിനോട് ചേര്‍ന്ന് താല്കാലികമായി നിർമിച്ച ഷെഡിന് കോര്‍പറേഷന്റെ അനുമതിയില്ല. നിര്‍മാണം നടത്തിയതിലും വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങള്‍ ഇല്ല. ഇവിടെ തീ കെടുത്താന്‍ സ്ഥാപിച്ച സംവിധാനങ്ങള്‍ ഒന്നും പ്രവര്‍ത്തിക്കുന്നതല്ലെന്നും കോര്പറേഷന് അധികൃതര്‍ പറയുന്നു. എകദേശം 225 സ്ക്വയര്‍ മീറ്റര്‍ വീസ്തിര്ണമുള്ള ഷെഡാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വേണ്ടി റെയില്‍വേയുടെ സ്ഥലത്ത് നിര്‍മിച്ചത്.
തീപിടിത്തത്തെ തുടർന്ന് പ്രദേശം പുകയിൽ മൂടിയപ്പോൾ
തിരക്ക് കുറഞ്ഞ രണ്ടാമത്തെ പ്രവേശന കവാടത്തിനോട് ചേര്‍ന്നാണ് പാർക്കിങ് ഷെഡ് ഉള്ളത്. അതിരാവിലെയായതിനാല്‍ വാഹനങ്ങള്‍ സൂക്ഷിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ വനിത ജീവനക്കാരി മാത്രമാണ് ഉണ്ടായിരുന്നത്. സംഭവം സംബന്ധിച്ച് അമ്പേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി കെ. രാജന് സിറ്റി പൊലീസ് കമീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റെയില്‍വേ പൊലീസും ഇത് സംബന്ധിച്ച് അന്വേഷിക്കുന്നുണ്ട്. അനധീകൃത നിര്‍മ്മാണം സംബന്ധിച്ച് കോര്പറേഷന് റെയില്‍വേക്ക് നോട്ടിസ് നല്‍കും.


