93.5 ലക്ഷം രൂപയുടെ സ്വർണം തട്ടി; പൊലീസ് അന്വേഷണം തുടങ്ങി
text_fieldsപ്രതീകാത്മക ചിത്രം
തൃശൂർ: ഹൈദരാബാദിലെ ജ്വല്ലറികളിൽ വിൽപന നടത്തി പണം അക്കൗണ്ടിലേക്ക് നൽകാമെന്ന് വിശ്വസിപ്പിച്ച് സ്വർണം തട്ടിയെടുത്തതായി പരാതി. 93,51,349 രൂപയുടെ സ്വർണം അപഹരിച്ചെന്ന കോഴിക്കോട് ഗോവിന്ദാപുരം സ്വദേശിയുടെ പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു.
തൃശൂർ അരിയങ്ങാടിയിൽ ലക്ഷ്മി അസേ ആൻഡ് ഹാൾമാർക്കിങ് സെന്റർ നടത്തുന്ന വിശ്വാസ് രാമചന്ദ്ര ഖേദം എന്നയാൾക്കെതിരെയാണ് കേസ്. കഴിഞ്ഞ വർഷം ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം.
303.01 ഗ്രാം തങ്കവും 449.34 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളുമാണ് പ്രതിക്ക് കൈമാറിയത്. സ്വർണം വിറ്റതിന് ശേഷമുള്ള തുക ബാങ്ക് അക്കൗണ്ട് വഴി നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും പണമോ സ്വർണമോ തിരികെ ലഭിക്കാത്തതിനെ തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


