നൂറുമേനി വിളഞ്ഞ് വാഴാലിക്കാവിലെ നെൽക്കതിരുകൾ
text_fieldsപൈങ്കുളം വാഴാലിക്കാവ് ക്ഷേത്രത്തിൽ ഇല്ലം നിറക്ക് ഉപയോഗിക്കുന്ന നെൽക്കതിർ വിളഞ്ഞപ്പോൾ
ചെറുതുരുത്തി: പൈങ്കുളം വാഴാലിക്കാവ് ദേവസ്വം ക്ഷേത്രത്തിലെ ഇല്ലം നിറക്ക് ഉപയോഗിക്കുന്ന നെൽക്കതിരുകൾ നൂറുമേനി വിളഞ്ഞു. നെൽകൃഷിക്കുളള ഒരു പിടി കറ്റക്ക് 320 രൂപയായിരുന്നു വില. ഈ വർഷം അതിനേക്കാൾ വില കൂടിയതോടെയാണ് ദേവസ്വം ട്രസ്റ്റ് ഭാരവാഹികൾ, ഈ വർഷം ആവശ്യമായ നെൽക്കതിർ ഇവിടെ കൃഷി ചെയ്യാമെന്ന് തീരുമാനിച്ചത്. നാല് മാസം മുമ്പാണ് നാലുപറ കണ്ടത്തിൽ വിത്ത് വിതച്ചത്. നാടൻ വളങ്ങൾ ഉപയോഗിച്ചാണ് നൂറുമേനി വിളവെടുത്തത്.
ആഗസ്റ്റ് 16 നാണ് ക്ഷേത്രത്തിൽ ഇല്ലം നിറ നടക്കുന്നത്. കർക്കിട മാസത്തിലെ വാവ് കഴിഞ്ഞുള്ള തൊട്ടടുത്ത ഞായറാഴ്ചയാണിത്. ഈ കൃഷി ചെയ്തായിരുന്നു പഴമക്കാർ പുത്തിരിച്ചോറ് കഴിച്ചിരുന്നത്. എന്നാൽ, കാലം മാറിയതോടെ ആരും ഈ കൃഷിയിലേക്ക് വരുന്നില്ല. ക്ഷേത്രത്തിൽ നിന്ന് പൂജിച്ച് കൊടുക്കുന്ന നെൽക്കതിർ പൂമുഖത്ത് കെട്ടിത്തൂക്കിയാൽ ഒരു വർഷം ഭക്ഷണക്ഷാമം ഉണ്ടാവില്ലെന്നാണ് വിശ്വാസം.
അതിന്റെ ഭാഗമായാണ് ക്ഷേത്രത്തിൽ നിന്ന് ഇല്ലം നിറയ്ക്കുള്ള നെൽക്കതിർ നൽകുന്നത്. മറ്റ് ക്ഷേത്രങ്ങളിലേക്കും കതിർ നൽകാൻ തയാറാണെന്ന് ദേവസ്വം ട്രസ്റ്റ് പ്രസിഡൻറ് കെ. രമേഷ് കുമാർ, സെക്രട്ടറി പി.വി മുരളീധരൻ, മാനേജർ വി. കൃഷ്ണൻകുട്ടി, ഭജന സംഘം പ്രസിഡൻറ് പി. ഉണ്ണികൃഷ്ണൻ എന്നിവർ പറഞ്ഞു.


