പുസ്തകമാണ് ലഹരി; സ്റ്റൈജു മാസ്റ്ററുടെ ‘പുസ്തക ചങ്ങാത്ത പദ്ധതി’ 100ലേക്ക്
text_fieldsപി.ജെ. സ്റ്റൈജു
ഗുരുവായൂര്‍: ‘വായനയാണ് ലഹരി’ എന്ന സന്ദേശവുമായി മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍സെക്കന്‍ഡറി സ്കൂൾ അധ്യാപകന് പി.ജെ. സ്റ്റൈജു തുടക്കമിട്ട പുസ്തക ചങ്ങാത്ത പദ്ധതി 98 സ്കൂളുകള്‍ പിന്നിട്ടു. ലഹരിയുടെ വലയിൽ കുട്ടികള്‍ അകപ്പെടാതിരിക്കാന്‍ അവരില്‍ വായനയുടെ ലഹരി നിറക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂനംമൂച്ചി സ്വദേശിയായ ഇദ്ദേഹം പുസ്തക ചങ്ങാത്ത പദ്ധതി ആവിഷ്കരിച്ചത്. വരുമാനത്തിലെ ഒരു ഭാഗം ചെലവിട്ടാണ് പുസ്തകങ്ങള്‍ വാങ്ങി കുട്ടികള്‍ക്ക് നല്‍കുന്നത്. ആദ്യം ജോലിയില്‍ പ്രവേശിച്ച വാടാനപ്പിള്ളി എസ്.എം യു.പി സ്കൂളിലാണ് രണ്ട് വര്‍ഷം മുമ്പ് പദ്ധതി ആരംഭിച്ചതെന്ന് സ്റ്റൈജു പറഞ്ഞു. കുട്ടികളില്‍ ലഹരിക്കെതിരായ ബോധവത്കരണം നടത്തുകയും വായനയുടെ ഗുണങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ക്ലാസിലൂടെയാണ് പദ്ധതിക്ക് തുടക്കമിടുന്നത്.
ക്ലാസില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് വായനക്കായി പുസ്തകങ്ങൾ സമ്മാനിക്കും. കഥകള്‍, ചരിത്രം, ശാസ്ത്രം, സന്മാര്ഗം തുടങ്ങിയ വിഷയങ്ങളിലെ പുസ്തകങ്ങളാണ് നല്‍കുന്നത്. പുസ്തകങ്ങളില്‍ ലഹരിക്കെതിരായ സന്ദേശവും ഒട്ടിച്ച് ചേര്‍ക്കും.
ലഹരിവിരുദ്ധ പ്രതിജ്ഞയെടുപ്പിച്ചാണ് പുസ്തകം സമ്മാനിക്കുന്നത്. വായന പൂര്‍ത്തിയാക്കിയാല്‍ മറ്റൊരു കുട്ടിക്ക് പുസ്തകം കൈമാറുകയും അവര്‍ വായിച്ച പുസ്തകം വായനക്കായി കൈപ്പറ്റുകയും വേണം. ഇതുവരെ നാലായിരത്തോളം പുസ്തകങ്ങള്‍ വിതരണം ചെയ്തു. സ്കൂളുകളില്‍ പദ്ധതി ഉദ്ഘാടനഭാഗമായി പ്രമുഖ വ്യക്തികള്‍ക്ക് കുട്ടികളുമായി സംവദിക്കാനും അവസരം ഒരുക്കാറുണ്ട്. നല്ല സ്വീകരണമാണ് സ്കൂളുകളില്‍ ലഭിച്ചതെന്ന് സ്റ്റൈജു പറഞ്ഞു.
തൃശൂര്‍ വിവേകോദയം സ്കൂളിലാണ് ഏറ്റവും ഒടുവില്‍ പദ്ധതി നടന്നത്. മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണൻ ഉദ്ഘാടന വേദിയില്‍ സ്റ്റൈജുവിനെ ആദരിക്കുകയും ചെയ്തു. 24 കേരള ബറ്റാലിയന് എന്‍.സി.സിയുടെ മേജര്‍ റാങ്കിലുള്ള ഓഫിസര്‍ കൂടിയാണ് ഇദ്ദേഹം. രക്തദാന പ്രചാരണത്തിലും ഇദ്ദേഹം മുന്നിലുണ്ട്. പഠനകാലത്ത് ശ്രീകൃഷ്ണ കോളജില്‍ എന്‍.സി.സി കാഡറ്റ് ആയിരിക്കെ തുടങ്ങിയ രക്തദാനം ഇതുവരെ 80 തവണയായി. 2005ല്‍ മികച്ച രക്തദാന പ്രവര്‍ത്തകനുള്ള പുരസ്കാരം ലഭിച്ചു.
എന്‍.സി.സിയുടെ രക്തദാന പതക്കം, കണ്ടാണശ്ശേരി പഞ്ചായത്തിന്റെ രക്തബന്ധു പുരസ്കാരം, കേരള ബ്ലഡ് ഡോണേഴ്സ് ഫോറം പുരസ്കാരങ്ങള്‍ തുടങ്ങിയവ തേടിയെത്തി. കുട്ടികളിൽ നടത്തം പ്രോത്സാഹിപ്പിക്കല്‍, മിഠായികളുടെ അമിത ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കല് തുടങ്ങിയ പ്രവര്‍ത്തനങ്ങളുമുണ്ട്. അധ്യാപികയായ ഭാര്യ അമ്പിളി, മക്കളായ അനന്യ, അമൃത, അഭിഷേക് എന്നിവര്‍ കരുത്തായി ഒപ്പമുണ്ട്