ഷെജീനയുടെ ചിറകൊച്ചകള്‍ക്ക് അതിര് ആകാശമല്ല
text_fieldsഷെജീന, പുസ്തകത്തിന്റെ പുറംചട്ട
ഗുരുവായൂര്‍: വീടിനടുത്തുള്ള കുട്ടികള്‍ സ്കൂളിലേക്കു പോകുന്നത് കൊതിയോടെ നോക്കിയിരുന്ന ബാല്യം. പോളിയോ ബാധിച്ച് ഒമ്പതാം മാസത്തില്‍തന്നെ കാലുകള്‍ക്ക് ചലനശേഷി നഷ്ടപ്പെട്ട ഷെജീനക്ക് ആകെ ലഭിച്ച ഔപചാരിക വിദ്യാഭ്യാസം അംഗന്വാടിയിലേതു മാത്രമായിരുന്നു. അവിടെ സുമതി ടീച്ചര്‍ പാടിപ്പഠിപ്പിച്ച പാട്ടുകള്‍ കാലങ്ങള്‍ പിന്നിടവെ അവളില്‍ കവിതയായി മുളപൊട്ടി. പലപ്പോഴായി കുറിച്ചിട്ട വരികള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ആനുകാലികങ്ങളിൽ അച്ചടിമഷി പുരണ്ടു.
സ്കൂളിന്റെ പടി കാണാത്ത ഷെജീനയുടെ 40ഓളം കവിതകളുള്ള സമാഹാരം ‘ചിറകൊച്ചകള്‍’ ബുധനാഴ്ച പ്രകാശനം ചെയ്യും. ഗുരുവായൂര്‍ നഗരസഭയുടെ ഭിന്നശേഷി കലോത്സവത്തില്‍ ജയരാജ് വാര്യരാണ് പ്രകാശനം നിർവഹിക്കുന്നത്. എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആശുപത്രിവാസവും ചികിത്സകളുമായി കടന്നുപോയ കുട്ടിക്കാലത്ത് സഹോദരങ്ങളായ കമറുദ്ദീനും ഷെബീനയുമാണ് അറിവിന്റെ ലോകത്തിലേക്ക് ആനയിച്ചതെന്ന് ഷെജീന പറയുന്നു. പിന്നെ, പുസ്തകങ്ങളായി കൂട്ട്. സമൂഹമാധ്യമങ്ങളുടെ കാലമെത്തിയപ്പോള്‍ എഴുത്തിലെ സൗഹൃദം വളര്‍ന്നു.
ടി.വി. വിനോബ, റോസ്ന, ഭവിത ലത്തീഫ്, ഉനൈസ് ബാവ എന്നിവരെല്ലാമാണ് ആനുകാലികങ്ങളിലേക്ക് കവിതകളയക്കാന് കൂട്ടായത്. ഇവര്‍ തന്ന ഊര്‍ജം തന്നെയാണ് കവിതാസമാഹാരത്തിന്റെ പിറവിക്ക് പിന്നിലെന്നും ഷെജീന പറഞ്ഞു. സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. പോക്കാക്കില്ലത്ത് പരേതനായ ഷംസുദ്ദീന്റെയും എളയാടത്ത് നെബീസുവിന്റെയും മൂന്നു മക്കളില്‍ മൂന്നാമത്തെ മകളാണ്. മാമാബസാറിനടുത്ത് പാലുവായ് റോഡില്‍ സഹോദരി ഷെബീനക്കും അവരുടെ ഭര്‍ത്താവ് അബ്ദുൽ സലാമിനുമൊപ്പമാണ് താമസം. ഉമ്മ നെബീസുവും കൂടെയുണ്ട്. ഗുരുവായൂര്‍ നഗരസഭ നല്കിയ മുച്ചക്രവാഹനമാണ് ലോകം കാണാന്‍ ഈ 38കാരിക്ക് കൂട്ട്. നഗരസഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എം.എം. ഷെഫീറാണ് പുസ്തകപ്രകാശന വേദിയൊരുക്കിത്തന്നതെന്ന് ഷെജീന പറഞ്ഞു. തുല്യതാ പരീക്ഷയിലൂടെ അറിവിന്റെ ലോകത്തേക്ക് കൂടുതല്‍ മുന്നേറണമെന്നാണ് ആഗ്രഹം. കവിതകള്‍ക്കു പുറമെ അപ്രകാശിതമായ കഥകളും ഷെജീന കുറിച്ചിട്ടുണ്ട്. പറക്കാന്‍ ചിറകില്ലെങ്കിലും തുടിപ്പറിഞ്ഞ സ്നേഹവും മിടിപ്പറിഞ്ഞ സൗഹൃദവുമാണെന്റെ ശക്തിയെന്ന് ഈ കവയിത്രി പറയുന്നു.