ഗുരുവായൂർ ആനയോട്ടം: രവികൃഷ്ണന്‍ ജേതാവ്
text_fieldsഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കംകുറിച്ച് നടന്ന ആനയോട്ടത്തില്‍ രവികൃഷ്ണന്‍ ജേതാവ്. ബാലു രണ്ടും കൃഷ്ണനാരായണന്‍ മൂന്നും സ്ഥാനത്തെത്തി. രണ്ടാം തവണയാണ് രവികൃഷ്ണൻ ആനയോട്ടത്തില്‍ ജേതാവാകുന്നത്. നേരത്തെ 2022ല്‍ വിജയിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചതോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. പാരമ്പര്യ അവകാശികള്‍ പാപ്പാന്മാര്‍ക്ക് കുടമണികള്‍ നല്‍കി. പാപ്പാന്മാര്‍ കിഴക്കേനടയിലൂടെ ഓടി മഞ്ജുളാലിന് സമീപം നിര്‍ത്തിയ ആനകളെ മണികളണിയിച്ചു.
മാരാര്‍ ശംഖനാദം മുഴക്കിയതോടെ ഓട്ടം തുടങ്ങി. തുടക്കത്തില്‍ ബാലുവായിരുന്നു മുന്നില്‍. ഓട്ടം പകുതി വഴി പിന്നിടുമ്പോഴേക്കും പിന്നിലായിരുന്ന രവികൃഷ്ണന്‍ ഓടി ഒന്നാമതെത്തി. ക്ഷേത്രത്തില്‍ കടന്ന് ആചാരപ്രകാരം മൂന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കി. ജേതാവായ ആനക്ക് പത്ത് ദിവസം നീളുന്ന ഉത്സവ ചടങ്ങുകളില്‍ പ്രത്യേക പരിഗണന ലഭിക്കും. ആനയോട്ട ജേതാവ് രവികൃഷ്ണനെ 2003 ജൂണ്‍ 25ന് പാലക്കാട് തൃത്താല സ്വദേശി ശിവശങ്കരനാണ് നടയിരുത്തിയത്. 47 വയസ്സാണ് പ്രായം.


