ഗുരുവായൂര്‍ നഗരസഭ ലൈബ്രറി: വായനശാലക്കൊപ്പം പാഠശാലയും
text_fieldsലൈബ്രറിയില്‍ മത്സര പരീക്ഷകള്‍ക്കായി പഠനം നടത്തുന്നവര്‍
ഗുരുവായൂര്‍: പത്രങ്ങളും ആനുകാലികങ്ങളും വായിക്കാനെത്തുന്നവര്‍, പുസ്തകം മാറിയെടുക്കാന്‍ വരുന്നവര്‍, പിന്നെ വൈകീട്ട് ടി.വിക്ക് മുന്നില്‍ കൂടിയിരിക്കുന്നവര്‍, ചെസ് കളി സംഘങ്ങള്‍, കോണ്‍ക്രീറ്റ് ബഞ്ചിലിരുന്ന് സാംസ്കാരിക-രാഷ്ട്രീയ ചര്‍ച്ച നടത്തുന്നവര്‍, സൈക്കിള്‍ സൂക്ഷിക്കാനുള്ള ഇടം ..... ഇതൊക്കെയായിരുന്നു രണ്ട് പതിറ്റാണ്ട് മുമ്പ് വരെ ഗുരുവായൂര്‍ നഗരമധ്യത്തിലുള്ള നഗരസഭ ലൈബ്രറി. ഇന്ന് ലൈബ്രറി ആകെ മാറി.
ടി.വി പ്രദര്‍ശനവും ചെസ് കളി സംഘങ്ങളും ചര്‍ച്ചക്കാരും സൈക്കിള്‍ വെക്കാനുള്ള ഇടവുമെല്ലാം ഇല്ലാതായി. പത്രങ്ങളും ആനുകാലികങ്ങളും വായിക്കാനെത്തുന്നവര്ക്കൊപ്പം തന്നെ വിവിധ മത്സര പരീക്ഷകള്‍ക്ക് ഒരുങ്ങാനെത്തുന്നവരുടെ ആശ്രയകേന്ദ്രം കൂടിയായി ലൈബ്രറി മാറി. കൃത്യമായി എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ഇവിടെയിരുന്ന് പഠനം നടത്തുന്നവരുണ്ട്.
ഇവര്‍ക്കാവശ്യമായ റഫറന്‍സ് പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ലഭ്യമാണെന്നതാണ് പ്രധാന ആകര്‍ഷണം. ഒരു ദിവസം 60ഓളം പേര് ഇത്തരത്തില്‍ എത്തുന്നുണ്ടെന്ന് പുസ്തക വിതരണത്തിന് സഹായിക്കുന്ന ഷീജ മണിയും നബീസയും പറഞ്ഞു. ഇവര്‍ക്കായി പ്രത്യേക രജിസ്റ്ററും ഉണ്ട്. വായനശാലയെ ആശ്രയിക്കുന്ന പഠിതാക്കള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നഗരസഭ ഒരുക്കികൊടുത്തിട്ടുണ്ടെന്ന് ചെയര്മാന് എം. കൃഷ്ണദാസ് പറഞ്ഞു. പ്രത്യേക ഹാള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പഠിതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് വൈ ഫൈ സൗകര്യവും ഏര്‍പ്പെടുത്തി. ഇന്റര്‍നെറ്റ് സൗകര്യം കൂടി സജ്ജീകരിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭയിപ്പോള്‍. ഗുരുവായൂര്‍ ടൗണ്‍ഷിപ്പായിരുന്ന കാലത്ത് 1975ലാണ് ലൈബ്രറി നിര്‍മിച്ചത്. മന്ത്രിയായിരുന്ന അവക്കാദര് കുട്ടി നഹയായിരുന്നു ഉദ്ഘാടകന്‍. 1973ല്‍ അന്നത്തെ ആഭ്യന്തര മന്ത്രി കെ. കരുണാകരനാണ് തറക്കല്ലിട്ടത്. ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ തുടര്‍ച്ചയായി ഗാന്ധിജി 1934 ജനുവരി 11ന് ഗുരുവായൂരിലെത്തിയപ്പോള്‍ പ്രസംഗവേദി അന്ന് പാടമായിരുന്ന ഇന്നത്തെ ലൈബ്രറി അങ്കണമായിരുന്നു.
ഇവിടെ ഗാന്ധിയുടെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ച് സ്മൃതിമണ്ഡപം തീര്‍ത്തിട്ടുണ്ട്. ചരിത്ര പ്രാധാന്യമുള്ള ഒരിടം കൂടിയാണ് നഗരസഭ ലൈബ്രറി അങ്കണം. നഗരസഭ ജീവനക്കാരായ സുരേഷ്, ടി.എ. ഷജീര്‍ എന്നിവര്‍ക്കാണ് ചുമതല. ഓപണ്‍ സ്റ്റേജായ ഇ.എം.എസ് ചത്വരം, കെ. ദാമോദരന്‍ ഹാള്‍, പുതൂര്‍ ഉണ്ണികൃഷ്ണന് ഹാള്‍ എന്നിവയും ലൈബ്രറി സമുച്ചയത്തിന്റെ ഭാഗമാണ്. ലൈബ്രറിയുടെ സുവര്‍ണ ജൂബിലി ആഘോഷം വിപുലമായ രീതിയില്‍ സംഘടിപ്പിക്കുമെന്ന് ചെയര്മാന് എം. കൃഷ്ണദാസ് പറഞ്ഞു.