ഗുരുവായൂരിന് സംസ്ഥാന പരിസ്ഥിതി മിത്രം പുരസ്കാരം
text_fields1. ചൂല്‍പ്പുറത്തെ ട്രഞ്ചിങ് ഗ്രൗണ്ട് ശവക്കോട്ട എന്നറിയപ്പെട്ടിരുന്ന കാലത്ത് 2. നവീകരണത്തിന് ശേഷം കുട്ടികളുടെ പാർക്കായപ്പോൾ
ഗുരുവായൂര്‍: ശവക്കോട്ടയെ പൂവാടിയാക്കി വിസ്മയം തീര്‍ത്ത ഗുരുവായൂര്‍ നഗരസഭക്ക് പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ സംസ്ഥാന പരിസ്ഥിതി മിത്രം പുരസ്കാരം. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വ്യാഴാഴ്ച രാവിലെ 10.30ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലില്‍ നടക്കുന്ന സംസ്ഥാനതല പരിസ്ഥിതിദിനാചരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം നല്‍കും.
പരിസ്ഥിതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വ്യക്തികളെയും സംഘടനകളെയും തദ്ദേശ സ്ഥാപനങ്ങളെയും ആദരിക്കുന്നതിനുള്ളതാണ് പുരസ്കാരം.
മാലിന്യങ്ങള്‍ തള്ളുകയും അജ്ഞാത ജഡങ്ങളടക്കം സംസ്കരിക്കുകയും ചെയ്തിരുന്ന ചൂല്‍പ്പുറത്തെ ശവക്കോട്ട എന്നറിയപ്പെട്ട ട്രഞ്ചിങ് ഗ്രൗണ്ടിനെയാണ് നഗരസഭ പൂവാടിയാക്കി മാറ്റിയത്. മൂന്നര ഏക്കറോളം വിസ്തൃതിയുള്ള പ്രദേശത്തിന്റെ സമീപത്തുകൂടി കടന്നുപോകാന്‍ മൂക്ക് പൊത്തണമായിരുന്നു. അഴുകിയ മാലിന്യമല മുഴുവന്‍ നീക്കം ചെയ്ത് ഈ സ്ഥലത്തിന്റെ ഒരു ഭാഗത്ത് കുട്ടികളുടെ പാര്‍ക്ക് ഒരുക്കി.
നിത്യേന വൈകീട്ട് ഇവിടെ കുട്ടികള്‍ കളിക്കാനെത്തുന്നുണ്ട്. ഹരിതകര്‍മസേന ശേഖരിക്കുന്ന അജൈവ പാഴ്വസ്തുക്കള് സംഭരിക്കാനും തരംതിരിക്കാനുമുള്ള, 4000 ചത്രുരശ്ര അടി വിസ്തൃതിയുള്ള വിശാലമായ മെറ്റീരിയല്‍ കളക്ഷന്‍ സെന്ററും ഇവിടെയുണ്ട്. ഗുരുവായൂരിലും മറ്റുമെത്തുന്ന തീര്‍ഥാടകര്‍ക്ക് ഇടത്താവളമായി ഉപയോഗിക്കാനുള്ള സൗകര്യങ്ങളോടുകൂടിയ ടേക്ക് എ ബ്രേക്കും ഇവിടെ പണിതീര്‍ത്തു.
നാടിനൊന്നാകെ മാതൃകയായി മാറിയ മാലിന്യ സംസ്കരണത്തിലെ ഈ വിസ്മയമാണ് ഗുരുവായൂരിനെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളെല്ലാം നഗരസഭയില്‍ നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മികച്ച നഗരസഭക്കുള്ള സ്വരാജ് പുരസ്കാരം തുടര്‍ച്ചയായി രണ്ട് തവണ ലഭിച്ചത് ഗുരുവായൂരിനാണ്.