വരട്ടെ, ഗുരുവായൂരില്‍ ഹെലിപാഡ്
text_fieldsഗുരുവായൂര്‍: ബഹുനില പാര്‍ക്കിങ് സമുച്ചയത്തിന് മുകളില്‍ എത്രയും വേഗം ഹെലിപാഡ് വരട്ടേയെന്ന് നഗരസഭ കൗണ്‍സിലില്‍ എല്‍.ഡി.എഫും യു.ഡി.എഫും. എന്നാല്‍ ബി.ജെ.പി അംഗം പദ്ധതിയെ എതിര്‍ത്തു. ഹെലിപാഡ് വേണമെന്നത് 10 വര്‍ഷം മുമ്പുള്ള സ്വപ്നമായിരുന്നെന്ന് സി.പി.എമ്മിലെ ആര്.വി. ഷെരീഫ് പറഞ്ഞു.
ചെറുവിമാനത്താവളം തന്നെ ഗുരുവായൂര്‍ ഭാഗത്ത് വേണമെന്ന് എ.എം. ഷെഫീര്‍ പറഞ്ഞു. നേരത്തെ തന്നെ ഹെലിപാഡ് നിര്‍മിക്കേണ്ടതായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവായ കെ.പി. ഉദയന്‍ പറഞ്ഞത്.
ഗുരുവായൂരില്‍ റെയില്‍വേ സ്റ്റേഷന് കൊണ്ടു വന്ന കെ. കരുണാകരന്റെ വികസന സ്വപ്നങ്ങളുടെ തുടര്‍ച്ചയാണിതെന്നും ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിലെ വി.കെ. സുജിത്, സി.എസ്. സൂരജ് എന്നിവരും പദ്ധതിയെ പ്രശംസിച്ചപ്പോള്‍ ബി.ജെ.പിയിലെ ശോഭ ഹരിനാരായണന് വിമര്‍ശനവുമായി രംഗത്തെത്തി. സാധാരണക്കാര്‍ക്കായി ഒട്ടനവധി പദ്ധതികള്‍ നടപ്പാക്കാനുള്ളപ്പോള് ഹെലിപാഡ് അനാവശ്യമാണ് എന്നായിരുന്നു വാദം. മറ്റ് പദ്ധതികള്‍ക്ക് വേണ്ടി ചെലവഴിക്കേണ്ട പണമല്ല ഹെലിപാഡിന് ഉപയോഗിക്കുന്നതെന്ന് ചെയര്മാന് എം. കൃഷ്ണദാസ് പറഞ്ഞു.