‘ആന്ധ്ര പാര്‍ക്കി’ല്‍ ഇനി ബസ് മാത്രമല്ല, ഹെലികോപ്ടറും പാര്‍ക്ക് ചെയ്യും
text_fieldsഹെലിപാഡ് നിർമിക്കാൻ ഉദ്ദേശിക്കുന്ന നഗരസഭ ബഹുനില പാർക്കിങ് സമുച്ചയം
ഗുരുവായൂര്‍: അഗതി മന്ദിരത്തിന് സമീപം ‘ആന്ധ്ര പാര്‍ക്കില്‍’ അഞ്ച് വര്‍ഷം മുമ്പ് വരെ ബസുകളാണ് പാര്‍ക്ക് ചെയ്തിരുന്നത്. ആന്ധ്രയില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഇവിടെ കൂടുതലായി ബസ് പാര്‍ക്ക് ചെയ്തിരുന്നത് എന്നതിനാലാണ് നഗരസഭയുടെ ഈ പാര്‍ക്കിങ് ഗ്രൗണ്ടിന് ആന്ധ്ര പാര്‍ക്ക് എന്ന പേരുവീണത്.
അമൃത് പദ്ധതിയില്‍ നഗരസഭ ഇവിടെ ബഹുനില പാര്‍ക്കിങ് സമുച്ചയം പണിതീര്‍ത്തു. അഞ്ച് നിലകളിലായാണ് സമുച്ചയം പണിതിട്ടുള്ളത്. മൂന്ന് വര്‍ഷം മുമ്പായിരുന്നു സമുച്ചയന്റെ ഉദ്ഘാടനം. ഈ സമുച്ചയത്തിന് മുകളില്‍ ഹെലിപാഡ് നിര്‍മിക്കാനുള്ള പദ്ധതിയാണ് നഗരസഭ ഇപ്പോള്‍ ആവിഷ്കരിക്കുന്നത്. സ്വന്തമായി ഹെലിപാഡുള്ള സംസ്ഥാനത്തെ ഏക നഗരസഭയായി ഇതോടെ ഗുരുവായൂര്‍ മാറും. ഹെലിപാഡ് നിര്‍മാണത്തിന് അമൃത് കോര്‍ കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക സഹായ പദ്ധതിയായി ലഭിക്കുന്ന അഞ്ച് കോടി രൂപ ചെലവിട്ടാകും നിര്‍മാണം. കോര്‍ കമ്മിറ്റി നല്കിയ ശുപാര്‍ശ വ്യാഴാഴ്ച ചേരുന്ന നഗരസഭ കൗസില്‍ ചര്‍ച്ച ചെയ്യും. നിരവധി വി.വി.ഐ.പികള്‍ ദര്‍ശനത്തിനെത്തുന്ന ഗുരുവായൂരില്‍ ഇപ്പോള്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടാണ് ഹെലിപാഡായി ഉപയോഗിക്കുത്. ഈയിടെ വി.വി.ഐ.പികള്‍ക്ക് പുറമെ വന്‍കിട ബിസിനസുകാരും സ്വകാര്യ ഹെലികോപ്ടറില്‍ ഗുരുവായൂര്‍ ദര്‍ശനത്തിനെത്തുന്ന പതിവ് തുടങ്ങിയിട്ടുണ്ട്. കോളജ് ഗ്രൗണ്ട് ഹെലിപാഡ് ആക്കുന്നതിനെതിരെ പലപ്പോഴും പ്രതിഷേധം ഉയരാറുണ്ട്.
വി.വി.ഐ.പി കടന്നുപോകേണ്ട അരിയന്നൂരിലെ ഗ്രൗണ്ട് മുതല്‍ ഗുരുവായൂര്‍ വരെയുള്ള ആറ് കിലോമീറ്ററോളം റോഡില്‍ ഏര്‍പ്പെടുത്തേണ്ട സുരക്ഷ സംവിധാനങ്ങളും ഗതാഗതം തടസ്സപ്പെടലും പലപ്പോഴും വലിയ തലവേദനയാകാറുണ്ട്. നഗരത്തില്‍ തന്നെ ഹെലിപാഡ് നിര്‍മിക്കാനായാല്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകും.