സ്കൂൾ വാഹന പരിശോധന: 45 എണ്ണം ‘പാസ്’, ഏഴെണ്ണത്തിന് ‘സേ’
text_fieldsഗുരുവായൂര്‍ സബ് ആര്.ടി ഓഫിസ് പരിധിയിലെ സ്കൂള്‍ ബസുകളുടെ പരിശോധന
ഗുരുവായൂര്‍: സ്കൂള്‍ ബസുകളിലെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗുരുവായൂര്‍ സബ് ആര്.ടി ഓഫിസ് പരിധിയിലെ സ്കൂള്‍ ബസുകള്‍ക്ക് നടത്തിയ സുരക്ഷ പരിശോധനയിലാണ് 45 വാഹനങ്ങള്‍ യോഗ്യത നേടിയത്. ആനത്താവളത്തിന് സമീപത്താണ് പരിശോധന നടത്തിയത്.
സ്പീഡ് ഗവേർണർ ശരിയായി പ്രവർത്തിക്കാതിരിക്കൽ, എമർജൻസി വാതിലുകളിലെ തകരാറുകൾ തുടങ്ങിയവയാണ് പരിശോധനയിൽ വിജയിക്കാത്ത വാഹനങ്ങളുടെ ന്യൂനതകൾ. ഇവ തകരാർ പരിഹരിച്ച് വീണ്ടും ഹാജരാക്കാൻ നിർദേശിച്ചു. നേരത്തെ നടന്ന പരിശോധനകളില്‍ 50ഓളം വാഹനങ്ങള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടിയിരുന്നു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.എം. മനോജ്കുമാര്‍, എ.എം.വി.ഐമാരായ സി.സി. ഷീബ, കെ.സി. മധു, എസ്. മഞ്ജു, ജി.ആര്. രാജേഷ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി. സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും സ്ഥാപന പ്രതിനിധികള്‍ക്കും നേരത്തെ ബോധവത്കരണ ക്ലാസ് നല്‍കിയിരുന്നു.