വിട, പ്രിയ റോസി...
text_fieldsറോസിക്ക് കെ.എസ്.ആർ.ടി.സി ഗുരുവായൂർ ഡിപ്പോയിലെ ഫസ്റ്റ് ഗ്രേഡ് മെക്കാനിക് അഞ്ഞൂർ സ്വദേശി സി.എസ്. ഉണ്ണികൃഷ്ണൻ അന്ത്യോപചാരമർപ്പിക്കുന്നു
ഗുരുവായൂർ: റോസിയോട് മൂകമായ ഭാഷയിൽ അന്ത്യയാത്ര പറഞ്ഞ് ഉണ്ണികൃഷ്ണൻ അവളുടെ കവിളിൽ തൊട്ടുതലോടിയപ്പോൾ ചുറ്റും നിന്നവരുടെ കണ്ണുകൾ നിറഞ്ഞു. ഒരു തെരുവുപട്ടിയും കെ.എസ്.ആർ.ടി.സി ഗുരുവായൂർ ഡിപ്പോയിലെ ജീവനക്കാരും തമ്മിലുള്ള അനിതരസാധാരണമായ സ്നേഹബന്ധത്തിന്റെ നേർസാക്ഷ്യമായിരുന്നു റോസിയുടെ അന്ത്യയാത്ര.
ഒരു ദശാബ്ദത്തിലേറെ കെ.എസ്.ആർ.ടി.സിയെ സേവിച്ചാണ് റോസി വിടചൊല്ലിയത്. ഡിപ്പോ പരിസരത്ത് അലഞ്ഞുനടന്നിരുന്ന പട്ടികളിലൊന്നിന്റെ മകളാണ് റോസി. അമ്മപ്പട്ടി അപകടത്തിൽ മരിച്ചതോടെ കെ.എസ്.ആർ.ടി.സി ഗാരേജിലെ ജീവനക്കാർ അവളെ ‘ദത്തെടുത്തു’. അക്കാലത്ത് ഇറങ്ങിയ സെല്ലുലോയ്ഡ് എന്ന സിനിമയിലെ നായികയുടെ റോസി എന്ന പേരും നൽകി. എന്നാൽ, സിനിമയിലെ റോസിയെപ്പോലെ ദുരന്തനായികയായില്ല അവൾ. ഗാരേജ് ജീവനക്കാരുടെ പൊന്നോമനയായി മാറിയ റോസിയുടെ സംരക്ഷണച്ചുമതല ഫസ്റ്റ് ഗ്രേഡ് മെക്കാനിക് അഞ്ഞൂർ സ്വദേശി സി.എസ്. ഉണ്ണികൃഷ്ണൻ ഏറ്റെടുത്തു. കോവിഡ് കാലത്തും റോസിക്ക് മൂന്നു നേരം ഭക്ഷണം ലഭിച്ചു. ഉണ്ണികൃഷ്ണൻ തന്നെ കൃത്യമായി കുളിപ്പിച്ചു. ആവശ്യം വേണ്ടപ്പോൾ ചികിത്സ നൽകി. ഇതിനെല്ലാം പ്രത്യുപകാരമായി ഗാരേജിന്റെ സംരക്ഷണ ചുമതല റോസി സ്വയം ഏറ്റെടുത്തു. യൂനിഫോമിലല്ലാത്തവർ ഗാരേജിൽ കടന്നാലും കെ.എസ്.ആർ.ടി.സിയുടേതല്ലാത്ത വാഹനങ്ങൾ കണ്ടാലും കുരച്ചുചാടി. രണ്ടു മാസം മുമ്പാണ് ഇവൾക്ക് ക്ഷീണം കണ്ടുതുടങ്ങിയതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. ഡോ. കെ. വിവേകിനെ കാണിച്ച് പരിശോധനകൾ നടത്തിയപ്പോൾ ഹൃദയവാൽവിന് തകരാറാണെന്ന് വ്യക്തമായി. ചികിത്സകൾ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
ഒരു കുടുംബാംഗത്തിന് നൽകുന്ന അന്ത്യയാത്രക്ക് സമാനമായാണ് റോസിക്ക് ജീവനക്കാർ വിട നൽകിയത്. വെള്ളവിരിച്ച പായയിൽ പുഷ്പങ്ങൾ വിതറി, ദീപങ്ങൾ തെളിച്ച് റോസിയെ കിടത്തി പൊതുദർശനം നടത്തി. ചുറ്റും കണ്ണീരണിഞ്ഞ് ജീവനക്കാരും. സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ ഉണ്ണികൃഷ്ണൻ റോസിയുടെ കവിളിൽ തലോടി.
ഡിപ്പോ പരിസരത്തുതന്നെ കുഴിമാടമൊരുക്കി സംസ്കാരം നടത്തി. ഉണ്ണികൃഷ്ണനു പുറമെ മെക്കാനിക്കുമാരായ ജോസഫ് രാജ, രജൻ കുമാർ, പി.എ. സുരേഷ്, കെ. ഷാജി, കെ. രാജു, ഡ്രൈവർമാരായ പി.കെ. അനിൽകുമാർ, കെ.ആർ. ഉണ്ണികൃഷ്ണൻ, സി.എൽ.ആർ ജീവനക്കാരായ എൻ.സി. സുജീഷ്, പി. ഷൺമുഖൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.