ബിഷപ് ക്ഷേത്ര സന്നിധിയിലെത്തി; സുഹൃത്തിന്റെ മകളെ അനുഗ്രഹിക്കാൻ
text_fieldsഭരതനാട്യ കലാകാരികളെ ബിഷപ് ഗീവര്ഗീസ് മാര് യൂലിയോസ്
അനുഗ്രഹിക്കുന്നു. ആര്യ മഹർഷി സമീപം
ഗുരുവായൂർ: ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച പ്രിയ സുഹൃത്തിന്റെ മകളെ അനുഗ്രഹിക്കാൻ ഓർത്തഡോക്സ് സഭയുടെ ഭദ്രാസനാധിപൻ ഗുരുവായൂർ ക്ഷേത്രസന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെത്തി. അകതിയൂർ കലശമല ആര്യലോക ആശ്രമത്തിലെ ആര്യ മഹർഷിയുടെയും ഭാര്യ സിമിയുടെയും മകൾ ശ്രീലോകയുടെ അരങ്ങേറ്റത്തിനാണ് കുന്നംകുളം ഭദ്രാസനാധിപൻ ബിഷപ് ഗീവര്ഗീസ് മാര് യൂലിയോസ് എത്തിയത്.
നൃത്തം തുടങ്ങും മുമ്പേ എത്തിയ ബിഷപ് ശ്രീലോകയേയും അരങ്ങേറ്റം കുറിക്കുന്ന മറ്റ് 11 കുട്ടികളെയും അനുഗ്രഹിച്ചു. അലോന, കെ.യു. ശ്രീലക്ഷ്മി, എം.എസ്. ദിയ, ശ്രീനന്ദ, റിഥിക സുധീഷ്, ഹന്ന, അനഘ വിബി, ദിയ ധനേഷ്, സോണിയ, സൗമ്യ, ഷീന എന്നിവരാണ് ശ്രീലോകയോടൊപ്പം അരങ്ങേറിയത്. കലാമണ്ഡലം രജിതയാണ് ഇവരെയെല്ലാം പരിശീലിപ്പിച്ചത്. ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, കുന്നംകുളം നഗരസഭ കൗൺസിലർ ലെബീബ് ഹസൻ, കവയത്രി ദിനശ്രീ സുചിതൻ, നിഖിൽ വർണ, ആര്യ നാമിക എന്നിവരും അരങ്ങേറ്റം ആസ്വദിക്കാൻ എത്തിയിരുന്നു.
മേൽപത്തൂർ ഓഡിറ്റോറിയത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ക്രൈസ്തവ മത മേലധ്യക്ഷൻ കലാവിരുന്ന് ആസ്വദിക്കാൻ സദസ്സിലെത്തുന്നത്. ഒരേ ദിവസം വൃക്കദാനം ചെയ്ത് മാതൃകകളായവരാണ് ആര്യ മഹർഷിയും ഭാര്യ സിമിയും. കല മനുഷ്യനെ ഒന്നിപ്പിക്കുന്നുവെന്ന സന്ദേശം നൽകുക കൂടിയായിരുന്നു മേൽപത്തൂർ ഓഡിറ്റോറിയം തിങ്ങിനിറഞ്ഞ സദസ്സെന്ന് സംഘാടകർ പറഞ്ഞു.