തിരുവെങ്കിടം അടിപ്പാത; റെയില്‍വേ ബോര്‍ഡിന് ശിപാര്‍ശ കൈമാറി
text_fieldsഗുരുവായൂരിൽ മൂന്നാമത്തെ പ്ലാറ്റ്ഫോമിലെ പാളം പൂർത്തിയാകാത്ത നിലയിൽ
ഗുരുവായൂർ: തിരുവെങ്കിടം അടിപ്പാതക്കുള്ള ശിപാര്‍ശ റെയില്‍വേ ബോര്‍ഡിന് കൈമാറിയതായി റെയില്‍വേ തിരുവനന്തപുരം ഡിവിഷന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന ഡിവിഷനല്‍ റെയില്‍വേ യൂസേഴ്സ് കണ്‍സല്‍റ്റേറ്റിവ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഗുരുവായൂര്‍ സ്റ്റേഷനില്‍ പൂര്‍ത്തിയാകാതെ കിടക്കുന്ന മൂന്നാമത്തെ പ്ലാറ്റ്ഫോമിലെ പാളം രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ പാളവുമായി ബന്ധിപ്പിക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും യോഗത്തില്‍ അറിയിച്ചു. പ്ലാറ്റ്ഫോം വികസനത്തില്‍ ഗുരുവായൂരിലേക്കുള്ള വഴിയടഞ്ഞുപോയ തിരുവെങ്കിടം പ്രദേശക്കാര്ക്കായാണ് അടിപ്പാത നിര്‍മിക്കുന്നത്. നേരത്തെ നഗരസഭ മുന്‍കൈയെടുത്ത് സംസ്ഥാന സര്‍ക്കാറാണ് അടിപ്പാത പദ്ധതിയുമായി മുന്നോട്ട് പോയിരുന്നത്.
പ്ലാന്‍ തയാറാക്കാനായി നഗരസഭ 8.12 ലക്ഷം രൂപ റെയില്‍വേക്ക് നല്‍കിയിരുന്നു. കെ റെയിലിനായിരുന്നു നിര്‍മാണ ചുമതല. റെയില്‍വെ തയാറാക്കിയിരുന്ന പ്ലാന്‍ അനുസരിച്ച് ഗുരുവായൂര്‍ ദേവസ്വത്തിന്റെ 9.62 സെന്റ് സ്ഥലം അടിപ്പാതക്ക് ആവശ്യമായിരുന്നു. അടിപ്പാതക്കായി സ്ഥലം ഉപയോഗിക്കാന്‍ ദേവസ്വം അനുമതി നല്‍കിയതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് ആര്.വി. ബാബു ഹൈകോടതിയെ സമീപിച്ചു. തല്‍സ്ഥിതി തുടരാനാണ് കോടതി നിര്‍ദേശിച്ചത്. കേസില്‍ തീര്‍പ്പാവാത്തതിനാല്‍ അടിപ്പാത അനിശ്ചിതത്വത്തിലായിരുന്നു. ഇതിനിടെയാണ് അടിപ്പാതയുടെ മുഴുവന്‍ ചെലവും റെയില്‍വേ വഹിക്കാമെന്നും ഇവിടെ നേരത്തെ റോഡുണ്ടായിരുന്ന ഭാഗത്ത് മാത്രമായി തന്നെ നിര്‍മാണം നടത്താമെന്നും റെയില്‍വേ അറിയിച്ചത്. ഈ രീതിയില്‍ നിര്‍മിക്കുമ്പോള്‍ സ്ഥലം ഏറ്റെടുപ്പ് ഒഴിവാകുകയും ചെയ്യും.
അടിപ്പാത നിര്‍മിക്കുമ്പോള്‍ സ്ഥലം ഏറ്റെടുപ്പ് ആവശ്യമില്ല. എന്നാല്‍ നേരത്തെ അഞ്ച് മീറ്ററായിരുന്ന പാതയുടെ വീതി റെയില്‍വേയുടെ പുതിയ പദ്ധതിയനുസരിച്ച് 4.5 മീറ്ററായി കുറയും. റെയില്‍വേയുടെ പുതിയ പദ്ധതിക്ക് നഗരസഭ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. റെയില്‍വേ തിരുവനന്തപുരം ഡിവിഷന് നല്കിയ ശിപാര്‍ശ റെയില്‍വേ ബോര്‍ഡ് അംഗീകരിച്ചാല്‍ അടിപ്പാതയുടെ നിര്‍മാണ നടപടികള്‍ ആരംഭിക്കും. എങ്ങും ബന്ധിപ്പിക്കാതെ നില്ക്കുന്ന മൂന്നാമത്തെ പ്ലാറ്റ്ഫോമിലെ പാളം രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ പാളവുമായി ബന്ധിപ്പിക്കലും ഉടന്‍ ആരംഭിക്കുന്നുണ്ട്. ഇത് ബന്ധിപ്പിക്കുന്നതോടെ ഗുരുവായൂര്‍ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ കൈകാര്യം ചെയ്യാനാവും. എന്ജിന് മാറ്റിയിടല്‍ കൂടുതല്‍ സുഗമമായി നടത്താനാകും. നേരത്തെ തിരുനാവായ പദ്ധതിയുടെ ഭാഗമായാണ് യാര്‍ഡ് വികസനം ഉള്‍പ്പെടുത്തിയിരുന്നത്. തിരുനാവായ പദ്ധതി അനന്തമായി നീളുന്ന പശ്ചാത്തലത്തിലാണ് യാര്‍ഡ് വികസനം പ്രത്യേകമായി നടപ്പാക്കാന്‍ തീരുമാനിച്ചത്.