വേണം, ഗുരുവായൂരിന് ട്രാഫിക് പൊലീസ് യൂനിറ്റ്
text_fieldsഔട്ടർ റിങ് റോഡിലെ ഗതാഗത കുരുക്ക് (ഫയൽ)
ഗുരുവായൂർ: ആവശ്യത്തിന് സംവിധാനങ്ങളുണ്ടെങ്കിൽ നിയന്ത്രിക്കാവുന്ന തിരക്കേ ഗുരുവായൂരിലുള്ളൂ എന്ന് തെളിയിച്ച സെപ്റ്റംബർ എട്ടിലെ കല്യാണമേളം വിരൽ ചൂണ്ടുന്നത് ട്രാഫിക് പൊലീസ് യൂനിറ്റ് എന്ന ആവശ്യകതയിലേക്ക്. 100 പൊലീസുകാർ രംഗത്തിറങ്ങിയപ്പോൾ 334 കല്യാണം നടന്ന നാളിൽ വാഹന ഗതാഗതവും പാർക്കിങ്ങുമെല്ലാം സുഗമമായി. 100ൽ താഴെ കല്യാണം നടക്കുന്ന ദിവസങ്ങളിൽ പോലും ഉച്ച വരെ ഗതാഗതം സ്തംഭിക്കുന്നതാണ് മുൻ അനുഭവങ്ങൾ. ട്രാഫിക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസില്ലാത്തതാണ് പ്രധാന പ്രശ്നം. കേവലം 39 മാത്രമാണ് ടെമ്പിൾ സ്റ്റേഷന്റെ അംഗബലം. ക്ഷേത്ര സുരക്ഷ ഡ്യൂട്ടിക്കായി നിയോഗിക്കുന്ന സായുധ പൊലീസ് സംഘത്തെ മുൻ കാലങ്ങളിൽ ട്രാഫിക്കിലേക്ക് കൂടി നിയോഗിക്കാറുണ്ടായിരുന്നു. പിന്നീട് അതിന് വിലക്ക് വന്നു. നിരന്തരം ക്ഷേത്രത്തിലെത്തുന്ന വി.വി.ഐ.പികളെ അനുധാവനം ചെയ്യൽ അടക്കമുള്ള ചുമതലകളും സ്റ്റേഷൻ പരിധിയിലെ ക്രമസമാധാന ഉത്തരവാദിത്വങ്ങളും കുറ്റകൃത്യങ്ങളുടെ അന്വേഷണവും എല്ലാം ചേരുമ്പോൾ പൊലീസിന് നിന്നുതിരിയാൻ സമയമില്ല. സ്വാഭാവികമായും ട്രാഫിക് നിയന്ത്രണത്തിന് പൊലീസിന് ആളും സമയവും ഇല്ലാത്ത സ്ഥിതിയാണ് ഗുരുവായൂരിലേത്.
ഗുരുവായൂരിന്റെ തിരക്ക് പരിഗണിച്ച് നേരത്തെ ഒരു ട്രാഫിക് യൂനിറ്റ് ഉണ്ടായിരുന്നെങ്കിലും അധിക നാൾ പ്രവർത്തിക്കും മുമ്പേ പിൻവലിച്ചിരുന്നു. ഈ സംവിധാനം പുനഃസ്ഥാപിക്കലാണ് നഗരത്തിലെ ഗതാഗത കുരുക്കഴിക്കാനുള്ള പോംവഴി. നിലവിലെ വൺ വേ സംവിധാനത്തിലെ അപാകതകളും പരിഹരിക്കണം. ആവശ്യമായ സൂചനാ ബോർഡുകളില്ലാത്തതും തീർഥാടകരെ വലക്കുന്നുണ്ട്. നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് എവിടെയെല്ലാം പാർക്കിങ് ഉണ്ടെന്നും എവിടെയാണ് ഒഴിവുള്ളതെന്നും വ്യക്തമാക്കുന്ന ഡിജിറ്റൽ ബോർഡുകളും വേണം. ഒരു ബാങ്കിന്റെ സഹകരണത്തോടെ ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ആറ് വർഷം മുമ്പ് നഗരസഭ നടത്തിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.