രാഹുലിന്റെ വഞ്ചന വയനാട് തിരിച്ചറിയും -സത്യൻ മൊകേരി
text_fieldsഗുരുവായൂരിൽ കിസാൻ സഭ ജില്ല സമ്മേളന ഉദ്ഘാടനത്തിനെത്തിയ വയനാട് എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരി പ്രവർത്തകരോടൊപ്പം. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ.
വത്സരാജ് സമീപം
ഗുരുവായൂർ: അഞ്ച് വർഷവും വയനാടിനൊപ്പം ഉണ്ടാകുമെന്ന ഉറപ്പ് പാലിക്കാതിരുന്ന രാഹുൽ ഗാന്ധിയുടെ വഞ്ചന വോട്ടർമാർ തിരിച്ചറിയുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരി. മികച്ച മറ്റൊന്ന് ലഭിച്ചാൽ സഹോദരി പ്രിയങ്കയും വയനാടിനെ കൈയൊഴിയുമെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
ഗുരുവായൂരിൽ കിസാൻ സഭ ജില്ല സമ്മേളന ഉദ്ഘാടനത്തിനെത്തിയതായിരുന്നു സത്യൻ മൊകേരി. ദേശീയ നേതാക്കൾ ഒരുപാട് പേർ പരാജയപ്പെട്ട ചരിത്രമുണ്ട്. സാക്ഷാൽ ഇന്ദിര ഗാന്ധിയും രാഹുൽ ഗാന്ധി തന്നെയും പരാജയപ്പെട്ട ചരിത്രമുണ്ട്. 2014 ൽ താൻ സ്ഥാനാർഥിയായപ്പോൾ 20,870 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് എം.ഐ. ഷാനവാസിന് ലഭിച്ചത്. ഈ രാഷ്ട്രീയത്തിൽ നിന്നാണ് താൻ തുടങ്ങുന്നത്. പ്രകൃതി ദുരന്തത്തിൽ തകർന്ന വയനാടിനോട് ബി.ജെ.പി കാണിച്ച അവഗണന ജനം മറക്കില്ല.
അവർക്ക് ഇത്തവണ വോട്ട് കുറയും. വയനാടിന്റെ പ്രശ്നങ്ങൾ കാണാതെ സുൽത്താൻബത്തേരിയുടെ പേരുമാറ്റമൊക്കെയാണ് ബി.ജെ.പിക്ക് പറയാനുള്ളത്. ഇത് ജനം തള്ളും. വയനാടിനെ ഇട്ടിട്ടു പോയ രാഹുൽ ഗാന്ധിയുടെ നിലപാടിനെതിരെയും ജനം വിധിയെഴുതും. വയനാട്ടിൽ ഇടത് വിജയം സുനിശ്ചിതമാണെന്നും മൊകേരി പറഞ്ഞു. ശനിയാഴ്ച വൈകീട്ട് വയനാട്ടിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.