സ്ഥാനാർഥിയാര്? ഗുരുവായൂരിൽ ലീഗിൽ നെഞ്ചിടിപ്പ്
text_fieldsചാവക്കാട്: മുസ്ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പേ പട്ടികയിൽ ഗുരുവായൂരിലേക്ക് നറുക്ക് വീഴുന്നത് ആർക്കായിരിക്കുമെന്ന നെഞ്ചിടിപ്പിലാണ് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും. മൂന്നുതവണ ലീഗ് സ്ഥാനാർഥികളെ പരാജയപ്പെടുത്തിയ സി.പി.എം നേതാവ് കെ.വി. അബ്ദുൾ ഖാദർ നാലാം തവണയും മത്സരിക്കുമ്പേൾ ലീഗിന് അതിജീവനമാണ് ഇൗ തെരഞ്ഞെടുപ്പ്.
മണ്ഡലത്തിൽനിന്നുള്ള സംസ്ഥാന നേതാവായ സി.എച്ച്. റഷീദ് വീണ്ടും മത്സരിക്കുമെന്നതാണ് പൊതുവേയുള്ള വർത്തമാനം. വിദ്യാർഥി കാലം മുതൽ സംസ്ഥാന എം.എസ്.എഫിലും യൂത്ത് ലീഗിലും പ്രവർത്തിച്ച ശേഷമാണ് ജില്ല മുസ്ലിം ലീഗ് ഭാരവാഹിത്വങ്ങളിലൂടെ റഷീദ് സംസ്ഥാന സെക്രട്ടറിയായും അതുവഴി പാലക്കാട് ജില്ലയുടെ നിരീക്ഷകനായും പ്രവർത്തിക്കുന്നത്.
മൂന്ന് വട്ടം ഗുരുവായൂരിൽ എം.എൽ.എയായിരുന്ന പി.കെ.കെ. ബാവ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിെൻറ പേഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന റഷീദ് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കാലത്ത് ഓട്ടോകാസ്റ്റ് വികസന കോർപറേഷൻ ചെയർമാനുമായിരുന്നു.
കെ.വി. അബ്ദുൾ ഖാദർ ആദ്യമായി മത്സരിച്ചപ്പോൾ റഷീദായിരുന്നു എതിരാളി. യു.ഡി.എഫിന് സാധ്യതയുണ്ടായിരുന്ന ആ തെരഞ്ഞെടുപ്പിൽ റഷീദ് തോറ്റത്, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നഗരസഭ ചെയർമാെൻറ വധവുമായി ബന്ധപ്പെട്ട സഹതാപ തരംഗമായിരുന്നുവെന്നാണ് യു.ഡി.എഫ് വിശ്വാസം. പിന്നീടുള്ള രണ്ട് വട്ടവും റഷീദ് തഴയപ്പെട്ടു. വീണ്ടും റഷീദിെൻറ പേര് ഉയരുമ്പോൾ അനുകൂലികൾ ഇതൊക്കെയാണ് നിരത്തുന്നത്.
എന്നാൽ, റഷീദിന് ഒപ്പമോ അതിൽ കൂടുതലോ സാധ്യത ജില്ല ലീഗ് വൈസ് പ്രസിഡൻറ് ആർ.പി. ബഷീറിനാണെന്ന ഉറച്ച വിശ്വാസവുമായി ലീഗിലെ മറ്റൊരു വിഭാഗവും സജീവമായി രംഗത്തുണ്ട്. ജില്ലയിൽ മുസ്ലിം ലീഗ് പടത്തുയർത്തിയ പരേതനായ ആർ.പി. മൊയ്തുട്ടിയുടെ പുത്രനാണ് ബഷീർ. 2010ൽ ജില്ല പഞ്ചായത്ത് അംഗമായിരുന്നു. കഴിഞ്ഞ രണ്ട് തവണയും ബഷീർ സ്ഥാനാർഥി പട്ടികയിലുണ്ടായിരുന്നുവെന്നാണ് ഈ വിഭാഗത്തിെൻറ വിശ്വാസം.
ഇവരെ കൂടാതെ പ്രവാസി ലീഗ് നേതാവ് ജലീൽ വലിയകത്ത്, ജില്ല ലീഗ് സീനിയർ വൈസ് പ്രസിഡൻറും ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡൻറുമായ ആർ.വി. അബ്ദുറഹീം എന്നിവരുടെ പേരും പാർട്ടി പ്രവർത്തകരുടെ ചർച്ചയിലുണ്ട്. എന്നാൽ, അവസാന നിമിഷം ലീഗ് നേതാവ് കെ.എൻ.എ. ഖാദർ ഗുരുവായൂരിലേക്ക് മത്സരിക്കാനെത്തുമെന്ന പ്രചാരണവും ഉയർന്നിട്ടുണ്ട്.
പി.കെ. കുഞ്ഞാലിക്കുട്ടി പാർലമെൻറിലേക്ക് മത്സരിക്കാൻ നിയമസഭാംഗത്വം രാജിവെച്ചപ്പോൾ പകരം മത്സരിച്ച് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത് അഡ്വ. കെ.എൻ.എ. ഖാദറായിരുന്നു. അഡ്വ. യു.എ. ലത്തീഫ് മത്സരിക്കുമെന്ന് നാട്ടുകാർ ഉറച്ച് വിശ്വസിച്ച വേങ്ങരയിൽ അവസാന നിമിഷമാണ് ഖാദർ സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടത്. സംസ്ഥാനതലത്തിൽ അറിയപ്പെടുന്ന കെ.എൻ.എ. ഖാദർ വേങ്ങരയിൽ മത്സരിക്കുമ്പോൾ വിജയസാധ്യതയേക്കാൾ വൻ ഭൂരിപക്ഷമാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നായിരുന്നു ലീഗ് നേതാക്കളുടെ വിശദീകരണം. തെരഞ്ഞെടുപ്പ് ഫലം അങ്ങനെയാവുകയും ചെയ്തു.
കെ.എൻ.എ. ഖാദറിനെ പോലെ ഒരാൾ ഗുരുവായൂരിൽ എത്തിയാൽ യു.ഡി.എഫിൽ പൊതുവേയും ലീഗിൽ പ്രത്യേകിച്ചുള്ള ഉൾപ്പോര് ഉണ്ടാവില്ലെന്നും അതാണ് എൽ.ഡി.എഫിന് ഗുണമാകുന്നതെന്നും ചിന്തിക്കുന്നവരുണ്ട്. എന്നാൽ, മണ്ഡലത്തിൽ നിന്നല്ലാത്ത ഒരാളേയും ഇവിടെ വേണ്ട എന്ന നിലപാട് പൊതുവേ നേതാക്കൾക്കുണ്ട്.