കരിങ്ങോൾച്ചിറയിലെ പൈതൃക സ്മാരകങ്ങൾ വിസ്മൃതിയിലേക്ക്
text_fieldsരാജഭരണ കാലത്തെ പുത്തന്‍ചിറയിലെ പൊലീസ് സ്റ്റേഷന്
മാള: പുത്തൻചിറ കരിങ്ങോൾചിറയിലെ രാജഭരണകാലത്തെ പൊലീസ് സ്റ്റേഷനും ജയിലും അഞ്ചല്‍പ്പെട്ടിയും അടക്കമുള്ള പൈതൃക സ്മാരകങ്ങൾ വിസ്മൃതിയിലേക്ക്. പഴയ കൊച്ചി-തിരുവിതാംകൂർ അതിർത്തി പ്രദേശമാണിത്. മുനമ്പം പൊലീസ് സ്റ്റേഷന്റെ കീഴിൽ 1811ൽ സ്ഥാപിതമായ പൊലീസ് ഔട്ട് പോസ്റ്റ് ഇതായിരുന്നു. തിരുവിതാംകൂറിൽ ഉൾപ്പെട്ടിരുന്ന പുത്തൻചിറയുടെ അതിർത്തി കരിങ്ങോൾച്ചിറയായിരുന്നു. തൊട്ടടുത്ത കൊച്ചി രാജ്യത്തിൽ നിന്നുള്ള നികുതി വെട്ടിപ്പ് തടയാനും കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യാനും ഈ പൊലീസ് ചൗക്കി ഉപയോഗിച്ചതായാണ് പറയപ്പെടുന്നത്. കുറ്റവാളികളെ പാർപ്പിക്കാനുള്ള ലോക്കപ്പും ഇതിലുണ്ട്.
ചുമട് ഇറക്കി വെക്കാനുള്ള അത്താണിയും കൊച്ചിയുടെയും തിരുവിതാംകൂറിന്റെ അതിർത്തി കാണിക്കുന്ന കല്ലുകളും അവശേഷിപ്പുകളാണ്. ‘കൊതിക്കല്ലുകൾ’ എന്നറിയപ്പെടുന്ന ഈ കല്ലുകളിൽ കൊച്ചിയുടെ ‘കോ’, തിരുവിതാംകൂറിന്റെ ‘തി’ എന്നിവ കൊത്തിവച്ചിട്ടുണ്ട്. അന്ന് ഉപയോഗിച്ചിരുന്ന വഴിവിളക്കുകളും തപാൽ സംവിധാനത്തിന്റെ ഭാഗമായ അഞ്ചൽപ്പെട്ടിയും ഇവിടെയുണ്ട്.
ജീർണാവസ്ഥയിലായ ജയിൽ പുത്തൻചിറ പഞ്ചായത്ത് അറ്റകുറ്റപ്പണി നടത്തിയിരുന്നു. അഞ്ചല്‍പ്പെട്ടിക്ക് സംരക്ഷണ മറയുമൊരുക്കി. ഫണ്ട് ലഭ്യമല്ലാത്തതിനാൽ മതില് കെട്ടി സംരക്ഷിക്കാനുള്ള പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശമായ കരിങ്ങോൾചിറയിൽനിന്ന് ചാൽ വഴി കോട്ടപ്പുറം കായലിലേക്ക് ജലഗതാഗതം നടന്നിരുന്നതായി പറയുന്നു.
ഇവിടെ പാര്‍ക്കും പൈതൃക മ്യൂസിയവും സ്ഥാപിക്കണമെന്ന ആവശ്യം നടപ്പായിട്ടില്ല. കരിങ്ങോള്‍ച്ചിറയുടെ ടൂറിസം വികസന പദ്ധതി ടൂറിസം മന്ത്രി പ്രഖ്യാപിച്ചിരുന്നു. അതേസമയം, മുസ്രിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലും നിര്‍മിതി കേന്ദ്രവും സംയുക്തമായി കരിങ്ങോള്‍ച്ചിറയില്‍ പൈതൃക പാര്‍ക്കും മ്യൂസിയവും ബോട്ട് സവാരിയും ആരംഭിക്കാൻ രൂപരേഖ തയാറാക്കി. അതിനും തുടര്‍ നടപടി ഉണ്ടായില്ല.