മെഡിക്കൽ കോളജിൽ സ്കാനിങ് റിപ്പോർട്ട് വൈകൽ; മനുഷ്യാവകാശ കമീഷൻ തെളിവെടുത്തു
text_fieldsമുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജിൽ സ്കാനിങ് പരിശോധന കഴിഞ്ഞ് റിസൽട്ട് ലഭിക്കുന്നതിന് കാലതാമസമെടുക്കുന്നത് സംബന്ധിച്ച് മനുഷ്യാവകാശ കമീഷന് ലഭിച്ച പരാതിയിൽ തെളിവെടുപ്പ് നടത്തി. ആശുപത്രിയിലെത്തുന്ന ഒ.പി, ഐ.പി. രോഗികൾക്ക് അൾട്രാസൗണ്ട് സ്കാൻ, സി.ടി സ്കാൻ, എം.ആർ.ഐ സ്കാൻ തുടങ്ങിയ പരിശോധനകൾക്കാണ് റിസൽട്ട് വൈകുന്നത്. റേഡിയോളജി വിഭാഗത്തിൽ ഡോക്ടർമാർ ഇല്ലാതെ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്.
ഗവ.മെഡിക്കൽ കോളജ് റേഡിയോളജി വിഭാഗത്തിൽ നിലവിൽ ഫാക്കൽറ്റികളുടെ കുറവാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ദേശീയ മെഡിക്കൽ കമീഷൻ നിഷ്കർകർഷിക്കുന്നതും സംസ്ഥാന സർക്കാർ നിഷ്കർഷിക്കുന്നതുമായ ഫാക്കൽറ്റികൾ നിലവിലില്ല. മാത്രമല്ല കാസർകോട് മെഡിക്കൽ കോളജിലെ പരിശോധനയുടെ ഭാഗമായി കുറച്ച് ഡോക്ടർമാരെ അവിടേക്ക് സ്ഥലം മാറ്റാനും നിർബന്ധിതമായി. ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് വകുപ്പുമേധാവി നൽകിയ വിവരരേഖയും ഇതോടൊപ്പം കമ്മീഷന് മുമ്പിലെത്തി.നിലവിൽ ഒരു പ്രഫസർ, ഒരു അസി. പ്രഫസർ, അഞ്ച് സീനിയർ റസിഡന്റ് ഫാക്കൽറ്റികളാണ് റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിലുള്ളത്. ഒരു അസോ. പ്രഫസർ, ആറ് അസി.പ്രഫസർ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.
കാസർകോട് മെഡി. കോളജിലേക്ക് സ്ഥലം മാറ്റപ്പെട്ടവരും ശമ്പളരഹിത അവധിയെടുത്തവരും ഉൾപ്പെടെയാണിത്. നിലവിൽ ദിവസം 120-125 എം.ആർ.ഐ സ്കാനിങ്ങും 130-140 സി.ടി സ്കാനും 220-230 അൾട്രാസൗണ്ട് സ്കാനും മാമോഗ്രാം വിഭാഗത്തിൽ അഞ്ച്, അൾട്രാസൗണ്ട് വിഭാഗത്തിൽ മൂന്ന് - നാല് എണ്ണവും വീതമാണ് ചെയ്യാനാകുക. കൂടാതെ യു.ജി, പി.ജി പാരാ മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കാനുള്ള ഫാക്കൽറ്റികളും കുറവാണ്.
ഇതുമൂലം മെഡിക്കൽ കോളജിലേക്ക് എത്തുന്നവർക്ക് സമയ ബന്ധിതമായി സേവനം നൽകാൻ കഴിയാത്ത അവസ്ഥയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കോലഴി കുമരഞ്ചിറ മഠത്തിൽ കെ.എൻ നാരായണനാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നത്.