പ്രധാനമന്ത്രി ക്ഷണിച്ചിരുന്നെങ്കിൽ ഭാരതം മാർപാപ്പയുടെ കാൽപ്പാടുകളാൽ അനുഗ്രഹിക്കപ്പെട്ടേനെ -ഫാ. ഫ്രാൻസിസ് ആലപ്പാട്ട്
text_fieldsതൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുവാക്ക് ഉരിയാടിയിരുന്നെങ്കിൽ ഈ മണ്ണ് ഫ്രാൻസിസ് മാർപാപ്പയുടെ പാദസ്പർശത്താൽ അനുഗ്രഹിക്കപ്പെട്ടേനെ എന്ന് ഡോ. ഫാ. ഫ്രാൻസിസ് ആലപ്പാട്ട്. സ്വന്തം മുറിയിൽ പ്രധാനമന്ത്രിയെ സ്വീകരിച്ച് കൂടുതൽ സമയം സംസാരിച്ച ഫ്രാൻസിസ് മാർപാപ്പയെ ഔപചാരികമായിട്ടെങ്കിലും ഭാരതത്തിലേക്ക് ക്ഷണിക്കാൻ മോദി തയാറാകാതിരുന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധി, നെൽസൺ മണ്ടേല, പോൾ ആറാമൻ മാർപാപ്പ, ജോൺ പോൾ രണ്ടാമൻ മാർപാപ്പ തുടങ്ങിയ മഹാത്മാക്കൾ നടന്ന ഈ മണ്ണിൽ ഫ്രാൻസിസ് മാർപാപ്പയുടെ കാൽപ്പാടുകൾ പതിയാൻ ഒരു ഔപചാരിക ക്ഷണംപോലും പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് പോയില്ല. ‘ഫ്രാൻസിസ്’ എന്ന വാക്കിന്റെ അർഥം സ്വാതന്ത്ര്യം എന്നാണ്. ഒരു പക്ഷവും ചേരാതെ നീതിയുടെയും ക്ഷമയുടെയും പാത പിന്തുടരുന്ന ഫ്രാൻസിസ് മാർപാപ്പ ഭാരതത്തിന്റെ സന്യാസ സംസ്കാരത്തെ ഏറെ മാനിച്ചിരുന്നു.
കർദിനാൾമാരുടെയും മെത്രാന്മാരുടെയും ഇടയിൽ നിറഞ്ഞുനിന്ന ദുഷ്ചെയ്തികളെ ശുദ്ധീകരിക്കാൻ അദ്ദേഹം ശ്രമിച്ചു. സ്വവർഗാനുരാഗികളെ ചേർത്തുപിടിച്ച അദ്ദേഹത്തിന്റെ കാരുണ്യം ശ്രദ്ധേയമാണ്. കാലാവസ്ഥാ വ്യതിയാനത്തിനുള്ള ഫണ്ടുകൾ വെട്ടിച്ചുരുക്കിയ അമേരിക്കൻ പ്രസിഡന്റ് ട്രംപ്, മാർപാപ്പയെ സന്ദർശിച്ചപ്പോൾ ഇരിക്കാൻ പോലും പറയാതെ പ്രതിഷേധം അറിയിച്ച അദ്ദേഹത്തിന്റെ ധൈര്യം പ്രശംസനീയമാണെന്നും ഫാ. ആലപ്പാട്ട് അഭിപ്രായപ്പെട്ടു.
മാർപാപ്പയുടെ പാദമുദ്ര പതിയാൻ ഒരിടം നൽകാത്ത ഭാരത സർക്കാരിന്റെ നിലപാടിനോടുള്ള കടുത്ത പ്രതിഷേധം അറിയിക്കുന്നതോടൊപ്പം, വിശുദ്ധനും ദൈവദാസനുമായ ഫ്രാൻസിസ് മാർപാപ്പയുടെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും ഫാ. ഫ്രാൻസിസ് ആലപ്പാട്ട് കൂട്ടിച്ചേർത്തു. ക്രിസ്ത്യാനികൾക്ക് മാത്രമല്ല, എല്ലാ ഭാരതീയർക്കും ഈ ദുഃഖത്തിൽ പങ്കുണ്ട് എന്നും അദ്ദേഹം ഓർമിപ്പിച്ചു.