ആനീസ് വധം; അന്വേഷണം ക്രൈംബ്രാഞ്ചിനുതന്നെ
text_fieldsഇരിങ്ങാലക്കുട: ഈസ്റ്റ് കോമ്പാറ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആനീസ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ഹരജി ഹൈകോടതി തള്ളി.
ക്രൈംബ്രാഞ്ചിന്റെ തന്നെ പുതിയ സ്ക്വാഡ് കേസ് അന്വേഷിക്കും. 2019 നവംബര്‍ 14നാണ് കൊലപാതകം നടന്നത്. 2020 ഡിസംബറിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
ആനീസിന്റെ മകന് അന്തോണീസ് കഴിഞ്ഞ ഒക്ടോബറിലാണ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പട്ട് ഹരജി നല്‍കിയത്. പുതിയതായി രൂപവത്കരിച്ച സ്ക്വാഡിലെ അംഗങ്ങള്‍ ആനീസിന്റെ വീടും പരിസരവും പരിശോധിച്ചു.
കൊലപാതകത്തിന് കൊണ്ടുവന്നതായി കരുതുന്ന ആയുധം പൊതിഞ്ഞതായി കരുതുന്ന പത്രം സംഭവദിവസം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടവരെയും കര്ട്ടന് വില്പനക്കാരെയും കുറിച്ച് അന്വേഷിച്ചിട്ടുണ്ട്.
ആനീസിന്റെ വളകള്‍ മുറിക്കാൻ ഉപയോഗിച്ചതായി കരുതുന്ന കട്ടര്‍ കണ്ടെത്തിയ വീട്ടുപറമ്പും സമീപത്തെ പറമ്പിലെ കിണറുകളും സംഘം പരിശോധിച്ചു.
ഇരിങ്ങാലക്കുട റസ്റ്റ് ഹൗസില്‍ ആനീസിന്റെ അടുത്ത ബന്ധുക്കളെയും അയല്‍വാസികളെയും വിളിപ്പിച്ച് സംസാരിച്ചിരുന്നു.
ആനീസിന്റെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നുണ്ട്. ആനീസിന്റെ ഫോണിലേക്ക് വന്ന കോളുകളും ബന്ധുക്കളുടെയും സമീപവാസികളുടെയും ഫോണ്‍ കോളുകളും പരിശോധനക്കും.
എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പുതിയ സ്ക്വാഡ്. തൃശൂര്‍ ക്രൈംബ്രാഞ്ച് സി.ഐമാരായ പി.പി. ജോയ്, ബെന്നി ജേക്കബ്, എറണാകുളം ക്രൈംബ്രാഞ്ച് സി.ഐ പി.എസ്. ശ്രീജേഷ് എന്നിവരും സംഘത്തിലുണ്ട്.