Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightനിയമസഭ തെരഞ്ഞെടുപ്പ്;...

നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുടയിൽ കളം നിറഞ്ഞു

text_fields
bookmark_border
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുടയിൽ കളം നിറഞ്ഞു
cancel

ഇരിങ്ങാലക്കുട: നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയ വിവാദങ്ങൾക്കും അഭ്യൂഹങ്ങൾക്കും ഏറെ ശ്രദ്ധേയമായ മണ്ഡലമായിരുന്നു ഇരിങ്ങാലക്കുട. എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ആർ. ബിന്ദു നേരത്തെ തന്നെ രംഗത്തിറങ്ങിയിരുന്നു. യു.ഡി.എഫ് സ്ഥാനാർഥി കോണ്‍ഗ്രസിൽനിന്ന് തന്നെ വേണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസിലെ ഒരുവിഭാഗവും രംഗത്തുവന്നുവെങ്കിലും നേതൃത്വം ഇടപെട്ടതോടെ അത് ചായക്കോപ്പയിലെ കൊടുങ്കാറ്റായി. എല്‍.ഡി.എഫ് സ്ഥാനാർഥി ഡോ. ആര്‍. ബിന്ദുവിന്റെ റോഡ്‌ഷോ നടക്കുമ്പോഴും യു.ഡി.എഫും എന്‍.ഡി.എയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നില്ല. തുടര്‍ന്ന് എന്‍.ഡി.എ സ്ഥാനാർഥിയായി സന്തോഷ് ചെറാകുളത്തെയും യു.ഡി.എഫ് സ്ഥാനാർഥിയായി തോമസ് ഉണ്ണിയാടനെയും പ്രഖ്യാപിച്ചു.

അഞ്ചുവര്‍ഷം നിയോജകമണ്ഡലത്തില്‍ നടത്തിയ സമഗ്ര വികസനം മുന്‍നിര്‍ത്തിയാണ് എല്‍.ഡി.എഫ് ആത്മവിശ്വാസത്തോടെ വോട്ടര്‍മാരെ സമീപിക്കുന്നത്. അഞ്ചു വര്‍ഷത്തെ വികസനവും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ലഭിച്ച മികച്ച ഭൂരിപക്ഷവുമാണ് എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ ആത്മവിശ്വാസം.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ എ.ന്‍ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് ലഭിച്ച പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് ലഭിക്കും എന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും ഞെട്ടിച്ചുകൊണ്ട് എൻ.ഡി.എ സ്ഥാനാർഥി സന്തോഷ് ചെറാകുളം 30000ല്‍ പരം വോട്ടുകള്‍ നേടിയിരുന്നു. 2021 ലെ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാർഥി ജേക്കബ് തോമസ് 34000ല്‍പരം വോട്ടുകള്‍ നേടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തുകളില്‍ ഗണ്യമായ തോതില്‍ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞതിലും എന്‍.ഡി.എ പ്രതീക്ഷ വെക്കുന്നു.

സംസ്ഥാന സര്‍ക്കാറിനോടുള്ള ഭരണവിരുദ്ധ വികാരവും 15 വര്‍ഷം എം.എല്‍.എ എന്ന നിലയില്‍ ഇരിങ്ങാലക്കുടയില്‍ നടത്തിയ വികസനവും വ്യക്തിപരമായ സ്വാധീനവും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട നഗരസഭയിലും ആളൂര്‍ പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും നേടിയ വലിയ ഭൂരിപക്ഷവും യു.ഡി.എഫിന്റെ ഐക്യവും ഈ തെരഞ്ഞെടുപ്പില്‍ തോമസ് ഉണ്ണിയാടന്റെ വിജയം ഉറപ്പിക്കുന്നു എന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍. എല്‍ഡി.എഫിന്റെ സ്ഥലം എം.എല്‍.എയുടെ വികസന വിരുദ്ധ നിലപാടുകളും ജനങ്ങളില്‍ വലിയമാറ്റം ഉളവാക്കിയിട്ടുണ്ടെന്നാണ് യു.ഡി.എഫ് നേതൃത്വം അവകാശപ്പെടുന്നത്.

Show Full Article
TAGS:Kerala Assembly Election 2026 Iringalkuda Candidates election campaign 
News Summary - Assembly elections; Irinjalakuda filled to capacity
Next Story