വൈദ്യുതി തൂൺ റോഡിൽ നിർത്തി ടൈൽസ് വിരിച്ചു
text_fieldsഎ.കെ.പി ജങ്ഷൻ റോഡിന് നടുവിലെ വൈദ്യുതി തൂൺ റോഡിൽ നിലനിർത്തി നടക്കുന്ന ടൈൽസ് വിരിക്കൽ
ഇരിങ്ങാലക്കുട: എ.കെ.പി ജങ്ഷൻ റോഡിന് നടുവിലെ വൈദ്യുതി പോസ്റ്റ് റോഡിൽ തന്നെ നിലനിർത്തി ടൈൽസ് വിരിക്കൽ പുരോഗമിക്കുന്നു. സിവില്സ്റ്റേഷന് റോഡിൽ സണ്ണി സിൽക്ക്സിന് മുൻവശത്തായി 100 മീറ്റർ റോഡാണ് രണ്ട് പദ്ധതിയായി 26 ലക്ഷം ചെലവഴിച്ച് നഗരസഭ ടൈൽസ് വിരിച്ച് റോഡ് പുനർനിർമിക്കുന്നത്.
റോഡിൽ നിൽക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ കെ.എസ്.ഇ.ബിക്ക് കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് കൗൺസിലർ പറഞ്ഞു. മെറ്റലിങ് നടത്തി റോളർ ഉരുട്ടി ബലപ്പെടുത്തുന്ന പ്രവൃത്തി കഴിഞ്ഞമാസം അവസാനത്തോടെ പൂർത്തികരിച്ച റോഡിൽ ചൊവ്വാഴ്ച മുതൽ ടൈൽസ് വിരിക്കൽ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. എന്നിട്ടും വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാത്തതിനാൽ പോസ്റ്റിന് ചുറ്റും ടൈൽസ് വിരിച്ച് നിർമാണം പുരോഗമിക്കുകയാണ്.
ഈ ഭാഗത്തെ ടൈൽസ് മാറ്റി പോസ്റ്റ് മാറ്റി സ്ഥാപിച്ചാൽ തന്നെ വേണ്ടത്ര ബലപ്പെടുത്തൽ നടക്കാത്തതിനാൽ കുറച്ച് കാലങ്ങൾക്കുള്ളിൽ ഇവിടെ ടൈൽസ് താഴാൻ ഉള്ള സാഹചര്യവും കൂടുതലാണെന്ന് യാത്രികർ പറയുന്നു. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് ഈ വൈദ്യുതി പോസ്റ്റ്.