ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കാന്റീനിൽ തീപിടിത്തം
text_fieldsഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കാന്റീനിലുണ്ടായ തീപിടിത്തം
ഇരിങ്ങാലക്കുട: ജനറൽ ആശുപത്രി കാന്റീനിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ മുകൾനിലയിലെ ഹാൾ കത്തിനശിച്ചു. പുലർച്ചെ അഞ്ച് മുതൽ വൈകീട്ട് എട്ടര വരെ പ്രവർത്തിക്കുന്ന കാന്റീനിൽ അപകടസമയത്ത് ആരും ഉണ്ടായിരുന്നില്ല. പുക ഉയരുന്നത് കണ്ട ആശുപത്രി സെക്യൂരിറ്റി ജീവനക്കാർ പൊലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിക്കുകയായിരുന്നു. ഇരിങ്ങാലക്കുട, ചാലക്കുടി എന്നിവിടങ്ങളിൽനിന്നെത്തിയ മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേന ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്.
താഴത്തെ വാതിൽ തകർത്ത് അകത്ത് പ്രവേശിക്കുമ്പോൾ തീ മുകളിൽനിന്ന് താഴേക്ക് പടരുകയായിരുന്നെന്ന് ഫയർ യൂനിറ്റിലെ ജീവനക്കാർ പറഞ്ഞു.
താഴെയുള്ള അടുക്കളയിലെ ഗ്യാസ് സിലിണ്ടറുകൾ പെട്ടെന്ന് നീക്കി കൂടുതൽ ദുരന്തം ഒഴിവാക്കി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. ആശുപത്രി അധികൃതർ വിലക്കിയിരുന്നെങ്കിലും പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഇവിടെ സൂക്ഷിച്ചിരുന്നതായി പറയുന്നു. പറപ്പൂക്കര സ്വദേശി ജോയ് ആണ് വർഷങ്ങളായി കാന്റീൻ നടത്തുന്നത്. ജി.എച്ച് കിച്ചൻ എന്ന പേരിൽ 2024 ലാണ് നവീകരിച്ച കിച്ചൻ പ്രവർത്തനം ആരംഭിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പ്രസാദ് കുമാറിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം ജീവനക്കാർ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.


