2.5 കോടിയുടെ മേരിക്യൂറി ഫെല്ലോഷിപ് കരസ്ഥമാക്കി ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീന
text_fieldsഫാത്തിമ ഷഹ്സീന
ഇരിങ്ങാലക്കുട: യൂറോപ്യൻ യൂനിയന്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ് കരസ്ഥമാക്കി ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീന. പോർച്ചുഗലിലെ മിൻഹോ സർവകലാശാലയിൽ ഗവേഷണ പഠനത്തിനുള്ള അവസരമാണ് ഫാത്തിമക്ക് ലഭിച്ചിരിക്കുന്നത്. ജീവൻരക്ഷ മരുന്നുകളുടെ വില നിയന്ത്രണം ലക്ഷ്യമിടുന്ന ഫാർമസ്യൂട്ടിക്കൽ ഡൗൺസ്ട്രീം പ്രോസസിങ്, ക്രിസ്റ്റലൈസേഷൻ ടെക്നോളജി എന്നീ വിഷയങ്ങളിൽ വിവിധ രാജ്യങ്ങളിലായി മൂന്നു വർഷം നീളുന്ന ഗവേഷണത്തിനാണ് സ്കോളർഷിപ് ലഭിച്ചത്. തഞ്ചാവൂരിലെ ശാസ്ത്ര ഡീംഡ് യൂനിവേഴ്സിറ്റിയിൽനിന്ന് കെമിക്കൽ എൻജിനീയറിങിൽ ബി.ടെക്കും ഇംഗ്ലണ്ടിലെ ലീഡ്സ് യൂനിവേഴ്സിറ്റിയിൽനിന്ന് എം.എസ് ബിരുദവും ഫാത്തിമ ഷഹ്സീന കരസ്ഥമാക്കിയിട്ടുണ്ട്.
ബെസ്റ്റ് ഓവറോൾ പെർഫോമർക്കുള്ള സമ്മാനവും ഏറ്റവും മികച്ച പ്രൊജക്ടിനുള്ള ഒന്നാം സ്ഥാനവും യു.കെയിലെ ലീഡ്സ് യൂനിവേഴ്സിറ്റിയിൽനിന്ന് ഫാത്തിമ ഷഹ്സീന സ്വന്തമാക്കിയിട്ടുണ്ട്. പത്താം ക്ലാസ്സ് വരെ ചേർപ്പ് ലൂർദ്മാത സ്കൂളിലും പ്ലസ്ടുവിന് ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് പഠിച്ചത്. ഇരിങ്ങാലക്കുട കരുവന്നൂർ എട്ടുമന സ്വദേശിയായ പുന്നിലത്ത് സിദ്ദിഖിന്റെയും ഷബീനയുടെയും മകളാണ് ഷഹ്സീന. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ബെഹ്സാദ് റുഷൈദ് സഹോദരനാണ്.


