ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന്റെ നഷ്ടം ഭരണസമിതി അംഗങ്ങളിൽനിന്ന് ഈടാക്കാൻ ഉത്തരവ്
text_fieldsഇരിങ്ങാലക്കുട (തൃശൂർ): നിയമവിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന് നേരിട്ട നഷ്ടം ബാങ്ക് ഭരണസമിതി അംഗങ്ങളിൽനിന്ന് ഈടാക്കാൻ സഹകരണ വകുപ്പ് ഉത്തരവ്. 2014-19 കാലയളവിൽ പ്രവർത്തിച്ച ഭരണസമിതി അംഗങ്ങളായ എം.പി. ജാക്സൻ, പി.ജെ. തോമസ്, എൽ.ഡി. ആന്റോ, ജസ്റ്റിൻ ജോൺ, ടി.ഐ. ജോസഫ്, പി.പി. തോമസ്, ഫിലോ മാത്യു, ബേബി ജോസ്, സുജ സഞ്ജീവ് കുമാർ, ടി.വി. ഹരിദാസ് എന്നിവരിൽനിന്ന് 20,29,640 രൂപ വീതം ഈടാക്കാനാണ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവിലുള്ളത്.
ഐ.ടി.സി എന്ന പേര് ഉപയോഗിച്ചതിന് കൊൽക്കത്ത കോടതിയിൽ കേസിനായി ജനറൽ ഫണ്ട് ഉപയോഗിച്ചത് മൂലവും പുതുതായി ആരംഭിച്ച അഞ്ച് ശാഖകളിലേക്ക് സഹകരണ വകുപ്പിന്റെ അനുമതി ഇല്ലാതെ തുക ചെലവഴിച്ചത് മൂലവും ഉണ്ടായ നഷ്ടമാണ് ഭരണസമിതി അംഗങ്ങളുടെ പേരിൽ ചുമത്തിയത്. ഇത് സംബന്ധിച്ച് ആക്ഷേപം ഉള്ളവർ എപ്രിൽ 24ന് ഓഫിസിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം തുടർനടപടികളിലേക്ക് കടക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.


