കർണാടക സംഘത്തിെന്റ ട്രാവലര്‍ ബസില്‍ തട്ടി സ്റ്റാൻഡില്‍ ബസ് തടഞ്ഞിട്ടു
text_fieldsഇരിങ്ങാലക്കുട: കര്‍ണാടകയില്‍നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ ഇരിങ്ങാലക്കുടയില്‍ ബസില്‍ തട്ടിയതിനെ തുടര്‍ന്ന് ബസ് സ്റ്റാൻഡില്‍ ബസ് തടഞ്ഞിട്ടു. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന മംഗലത്ത് ബസ് ഗതാഗത നിയന്ത്രണം മൂലം ചേലൂര്‍ വഴി ഇരിങ്ങാലക്കുടയിലേക്ക് വരുന്നതിനിടെ കെ.എസ് സോള്‍വെന്റ് കമ്പനിക്ക് സമീപത്ത് ബസില്‍ ആളെ കയറ്റി മുന്നോട്ട് എടുക്കുന്നതിനിടെ ബസിനെ ഓവര്‍ടേയ്ക്ക് ചെയ്ത് വന്ന ട്രാവലര്‍ ബസിന്റെ മുന്‍വശത്തായി തട്ടുകയും ചെയ്തു. തുടര്‍ന്ന് ഇരുവാഹനങ്ങളും നിര്‍ത്തി സംസാരിച്ചെങ്കിലും ബസ് പിന്നീട് എടുത്തുപോരുകയും ചെയ്തു.
ബസിനെ പിന്‍തുടര്‍ന്ന് എത്തിയ അയ്യപ്പഭക്തര്‍ സഞ്ചിരിച്ചിരുന്ന ട്രാവലര്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡില്‍ ബസിന് കുറുകെ വാഹനമിട്ട് പണം ആവശ്യപ്പെട്ട് തടഞ്ഞ് നിര്‍ത്തുകയായിരുന്നു. കന്നട ഭാഷ വശമുള്ള യാത്രികനായ ഒരാളുടെ സഹായത്തോടെ ഏറെനേരം ഇരുവിഭാഗവും തര്‍ക്കം തുടര്‍ന്നു. ബസിന്റെ റൂട്ട് സമയം തെറ്റിയതിനാല്‍ ബസിലെ യാത്രികരെ വേറെ ബസുകളില്‍ കയറ്റി ആയക്കുകയും ചെയ്തു.
ബസ് സ്റ്റാൻഡില്‍ ട്രാവലര്‍ തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലെ ബസുകള്‍ സഞ്ചരിച്ചിരുന്ന പാതയില്‍ നിര്‍ത്തിയിട്ടതിനെ തുടര്‍ന്നും ഓഫിസ് സമയമായതിനാലും നഗരത്തില്‍ രൂക്ഷ ഗതാഗതക്കുരുക്കിനും ഇത് ഇടയാക്കി. ഇരിങ്ങാലക്കുട പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ബസും ട്രാവലറും ബസ് സ്റ്റാൻഡില്‍നിന്ന് മാറ്റിയിട്ട് ഗതാഗതം നിയന്ത്രിച്ചത്. പൊലീസ് എത്തുമെന്നറിഞ്ഞതോടെ പണം ആവശ്യപ്പെട്ട കര്‍ണാടക സ്വദേശികള്‍ പണം ഇങ്ങോട്ടുതരാം കേസ് വേണ്ട എന്ന നിലപാടിലേക്ക് എത്തുകയായിരുന്നു.


