കരുവന്നൂര്‍ സഹകരണ ബാങ്ക്; ചികിത്സക്ക് പോലും പണമില്ലാതെ വലഞ്ഞ് നിക്ഷേപകർ
text_fieldsഇരിങ്ങാലക്കുട: കരുവന്നൂര്‍ സർവിസ് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ നിക്ഷേപം ഉണ്ടായിട്ടും ചികിത്സക്ക് പോലും പണം ലഭിക്കാതെ നിക്ഷേപകര്‍ വലയുന്നതായി വ്യാപക പരാതി. കോടികളുടെ ബാങ്ക് തട്ടിപ്പ് പുറത്ത് വന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തട്ടിപ്പ് നടത്തിയവര്‍ ജാമ്യത്തില്‍ ഇറങ്ങി സുഖമായി വിലസി നടക്കുമ്പോഴും തങ്ങളുടെ ജീവിത സമ്പാദ്യം മുഴുവന്‍ ബാങ്കില്‍ നിക്ഷേപിച്ചവര്‍ പണം തിരികെ ലഭിക്കാനായി അപേക്ഷകളും നിവേദനങ്ങളും സാക്ഷ്യപെടുത്തിയ കത്തുകളും ബില്ലുകളുമായി ഇപ്പോഴും ബാങ്കില്‍ കയറിയിറങ്ങുന്നത് തുടരുകയാണ്.
മാടായികോണം സ്വദേശി നെടുപുറത്ത് വീട്ടില്‍ ഗോപിനാഥന് (65) തന്റെ ജീവിതകാലം മുഴുവന്‍ പ്രവാസലോകത്ത് കഷ്ടപ്പെട്ട് സ്വരുപിച്ച 32 ലക്ഷത്തോളം രൂപയാണ് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത്.2015ല്‍ നടന്ന ഒരു അപകടത്തില്‍ തുടയെല്ല് പൊട്ടി അതീവ ഗുരുതരാവസ്ഥയിലായ ഗോപിനാഥിന്റെ ജീവിതം പിന്നീട് ദുരിതത്തിലാവുകയായിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് കാലില്‍ പഴുപ്പ് കൂടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിരമായി രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയെങ്കില്ലും വലിയൊരു ശസ്ത്രക്രിയ കൂടി നടത്തിയെങ്കില്‍ മാത്രമേ ഗോപിനാഥന് കട്ടിലിൽ നിന്ന് എഴുന്നേല്ക്കാന് സാധിക്കു.
ഇതിനായി വലിയ തുകയുടെ ആവശ്യവുമുണ്ട്. എന്നാല്‍, പല തവണ ബാങ്കില്‍ അപേക്ഷ നല്‍കിയിട്ട് മൂന്ന് തവണയായി 50000 രൂപ വീതം ഒന്നര ലക്ഷത്തോളം രൂപ മാത്രമാണ് ലഭിച്ചതെന്ന് ഭാര്യ പ്രഭ പറയുന്നു.ഇത് ഒരാളുടെ ദുഃഖം മാത്രല്ല; അനേകം നിക്ഷേപകരുടെ കദനകഥയാണ്.
നിക്ഷേപകരുടെ ദുരിതം കാണുവാനോ അതിന് പരിഹാരം ഉണ്ടാക്കാനോ അധികാരികളുടെ ഭാഗത്ത് നിന്ന് ക്രിയാത്മകമായ ഒരു നീക്കവും ഉണ്ടാകുന്നില്ലെന്നാണ് നിക്ഷേപകര്‍ കണ്ണീരോടെ പറയുന്നത്.