കൂടൽമാണിക്യം ക്ഷേത്രം: നിസ്സഹകരണത്തിലൂടെ തന്ത്രിമാർ ഭക്തജനങ്ങളെ അവഹേളിക്കുകയാണെന്ന് ദേവസ്വം
text_fieldsഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങുകളിൽനിന്ന് വിട്ടുനിൽക്കുന്നതിലൂടെ ചില തന്ത്രിമാർ ഭക്തജനങ്ങളെ അവഹേളിക്കുകയാണെന്ന് കൂടൽമാണിക്യം ദേവസ്വം. ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളിൽ മുടക്കം വരുത്തുന്നത് നിലവിലെ വ്യവസ്ഥകളുടെ ലംഘനമാണ്. നിസ്സഹകരണം വഴി ചടങ്ങുകൾ മുടക്കാൻ ശ്രമിക്കുന്നത് കോടതിയലക്ഷ്യത്തിന് തുല്യമാണെന്ന് ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നടത്തിയ കഴക നിയമനത്തെ തുടർന്നാണ് തന്ത്രിമാരുടെ നിസ്സഹകരണ സമരം ആരംഭിച്ചത്. ഈഴവ സമുദായത്തിൽ നിന്നുള്ള ഒരാളെ കഴകമായി നിയമിച്ചതാണോ പ്രശ്നമെങ്കിൽ ഇത് തുറന്ന് പറയാനുള്ള ആർജവം തന്ത്രിമാർ കാണിക്കണം.
തന്ത്രിമാരുടെ പേരും പറഞ്ഞും ആചാരങ്ങളിൽ മാറ്റം വരുത്തിയെന്നും പറഞ്ഞും ചിലർദേവസ്വത്തെ തെറ്റായി ചിത്രീകരിക്കാനും അപമാനിക്കാനും വ്യാജ പോസ്റ്ററുകൾ ഇറക്കാനും ശ്രമിക്കുകയാണ്.
പേരുവെക്കാതെ ക്ഷേത്ര പരിസരത്ത് പതിച്ച പോസ്റ്ററുകൾ സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു. ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, രാഘവൻ മുളങ്ങാടൻ, അഡ്വ. കെ.ജി. അജയ്കുമാർ, കെ. ബിന്ദു, അഡ്മിനിസ്ട്രേറ്റർ ജി.എസ്. രാധേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.


